ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ (Android 4.0) ‘ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്’ (Ice Cream Sandwich) സാംസങ്ങിന്റെ സ്മാര്‍ട് ഫോണിലൂടെ അവതരിപ്പിക്കപ്പെട്ടു. സാംസങ്ങിന്റെ ഗ്യാലക്‌സി നെക്‌സസ് (Galaxy Nexus) സ്മാര്‍ട് ഫോണിലൂടെയാണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗിക്കുന്ന ആദ്യസ്മാര്‍ട് ഫോണ്‍ ആണ് ഗ്യാലക്‌സി നെക്‌സസ്.

ഫേസ് റെകഗ്‌നിഷന്‍ (Face Recognition) സംവിധാനമാണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലെ പ്രധാന സവിശേഷത. മുഖംനോക്കി ഫോണിന്റെ ഉടമസ്ഥനെ തിരിച്ചറിയുകയാണ് ഈ സംവിധാനത്തിലൂടെ. ആന്‍ഡ്രോയിഡ് ബീം (Android Beam) എന്ന സംവിധാനം ബ്ലൂ ടൂത്തിനെ നിഷ്പ്രഭമാക്കുന്നതാണ്. ഫോട്ടോകളും മാപ്പുകളും ആപ്ലിക്കേഷന്‍ ലിങ്കുകളും പരസ്പരം കൈമാറാന്‍ ഫോണുകള്‍ തമ്മില്‍ ഒന്നു സ്പര്‍ശിച്ചാല്‍ മാത്രം മതി.

Subscribe Us:

1260 x 720 പിക്‌സല്‍ റെസല്യൂഷനില്‍ 4.65 ഇഞ്ച് ഡിസ്‌പ്ലേയാണ് നെക്‌സസില്‍ ഒരുക്കിയിരിക്കുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്. ഹൈപ്പര്‍സ്‌കിന്‍ (Hyperskin) എന്ന സവിശേഷതയോട് കൂടിയ ബാറ്ററികവര്‍ കൈയ്യില്‍ നിന്നും മൊബൈല്‍ വഴുതി വീഴുന്നത് തടയുന്നു.

ആപ്പിളിന്റെ ഐഫോണ്‍ 4എസ് (iPhone 4S) പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് ഗൂഗിളിന്റെ സഹകരണത്തോടെ സാംസങ്ങും വിപണിയില്‍ താരപ്രവേശം നടത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ പേരില്‍ സാംസങ്ങും ആപ്പിളും തമ്മില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. പേറ്റന്റ് വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പലതും അതേപടി പകര്‍ത്തിയെന്നും ആരോപിച്ച് ഫ്രാന്‍സിലും ഇറ്റലിയിലും ഐഫോണ്‍ 4എസിന്റെ വില്‍പന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സാംസങ്ങ് കോടതിയെ സമീപിച്ചിരുന്നു.