കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐസ്‌ക്രീം കേസില്‍ വി. എസിന്റെ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഐസ്‌ക്രീം കേസില്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വി. എസ് നല്‍കിയ ഹരജിയിലുള്ള തുടര്‍നടപടികള്‍ 22ലേക്ക് മാറ്റി.

കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചതും 42 സാക്ഷികളെ കണ്ടെത്തിയതും ഈ സര്‍ക്കാറിന്റെ കാലത്താണെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്നും ഏഴ് മാസമായി നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും വി. എസിന്റെ അഭിഭാഷകന്‍ കോടിതിയില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരായ അനൂപ് കുരുവിള ജേണ്‍, പി. വിജയന്‍, ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ കോടതിയില്‍ ഹാജറായി. വി. എസിന് വേണ്ടി ജസ്റ്റിസ് രജീന്ദ്ര സച്ചാറാണ് വാദിച്ചത്.

പി. കെ.കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ മന്ത്രിയായതിനാല്‍ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് കഴിയില്ലെന്നും അതിനാല്‍ കേസ് സിബിഐയ്ക്കു കൈമാറണമെന്നുമാണ് വിഎസിന്റെ ഹര്‍ജിയിലെ ആവശ്യം. കേസന്വേഷണവും വിചാരണയും അട്ടിമറിയ്ക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി വന്‍ തുക ചെലവഴിച്ചുവെന്നും കേസിലെ സാക്ഷികളെ പണം നല്‍കി സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.