കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്ന ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. നാഷണല്‍ സെക്യുലര്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസാണ് ഹരജി നല്‍കിയത്.

പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് കോടതി പരിഗണിച്ചു. ഇതനുസരിച്ച് അന്വേഷണം നടക്കുന്നുണ്ടോയെന്ന് പോലീസിനോട് കോടതി ആരാഞ്ഞു.

Subscribe Us:

1996 ഒക്ടോബര്‍ 29നാണ് കോഴിക്കോട് എം.ഇ.എസ് കോളജ് വിദ്യാര്‍ഥികളായിരുന്ന സുനൈന നജ്മലും സിബാന നജ്മലും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ ആത്മഹത്യ നടന്നതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത റിപ്പോര്‍ട്ട് നല്‍കണമെന്ന് അബ്ദുല്‍ അസീസ് മെഡിക്കല്‍ കോളജ് അധികൃതരോട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ അങ്ങിനെയൊരു പോസ്റ്റുമാര്‍ട്ടം ഇവിടെ നടന്നിട്ടില്ലെന്നായിരുന്നു ലഭിച്ച മറുപടി.

കോഴിക്കോട്ടെ കുപ്രസിദ്ധമായ ശ്രീദേവിയുടെ ഐസ്‌ക്രീം പാര്‍ലറുമായി ബന്ധപ്പെട്ടാണ് അന്ന് പെണ്‍വാണിഭം നടന്നത്.
പെണ്‍കുട്ടികളെ വശീകരിച്ച് വീഴ്ത്തുകയും അവരെ മയക്കുമരുന്ന് നല്‍കി നഗ്‌ന ഫോട്ടോ എടുക്കുകയുമായിരുന്നു ചെയ്തിരുന്നത്.

പെണ്‍കുട്ടികളോട് വൈ.എം.സി.എ ക്രോസ് റോഡിലുള്ള ഫ്‌ളാറ്റിലേക്ക് വരണമെന്ന് ശ്രീദേവി ആവശ്യപ്പെട്ടുവെന്ന് സുനൈനയുടെ അമ്മാവന്‍ നിസ്തര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സി.ഡി ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആത്മഹത്യ നടന്ന ദിവസം പെണ്‍കുട്ടികള്‍ കോഴിക്കോട്ടെ ഒരു ഫഌറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്.

മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും ശ്രീദേവിയെയും പ്രതി ചേര്‍ത്ത് ആത്മഹത്യയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.