തിരുവനന്തപുരം: ഐസ്‌ക്രീം കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധികാരത്തിലിരുന്നപ്പോള്‍ വി.എസ് ഐസ്‌ക്രീം കേസില്‍ ഒന്നും ചെയ്തില്ലെന്നും ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേസില്‍ ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ചൂണ്ടിക്കാട്ടി വി. എസ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഈ നീക്കമാണ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്ത് കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെന്നും എന്നാല്‍ ഭരണം മാറിയ സാഹചര്യത്തില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ഹരജിയില്‍ വി. എസ് വ്യക്തമാക്കിയിരുന്നു.