തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേസില്‍ അഡ്വേക്കേറ്റ് ജനറലിനെതിരെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി അഭിഭാഷകരുടെ സേവനം തേടിയതെന്നും ഇതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും വി.എസ്. തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ കേസില്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന് മുന്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അതിന്റെ ചെലവ് ആരു വഹിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ സര്‍ക്കാറിന്റെ നിലപാടിനെ ന്യായീകരിച്ച് വി.എസ്. രംഗത്തെത്തിയത്.

എജിയും നൂറോളം അഭിഭാഷകരും സംസ്ഥാനത്ത് ഉള്ളപ്പോള്‍ കേസുകള്‍ വാദിക്കാന്‍ പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്യുന്നതാണു വി.എസിന്റെ നടപടിയെന്ന് ആരോപിച്ച് കൊളക്കൊട് മൂസ ഹാജി നല്‍കിയ ഹര്‍ജിയിലാണു കോടതി ഇത്തരത്തില്‍ നിരീക്ഷണ നടത്തിയത്.