എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ് വെള്ളിത്തിരയില്‍; മീര ജാസ്മിന്‍ നായിക
എഡിറ്റര്‍
Saturday 26th May 2012 4:34pm

Rajeena Ice cream

ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. സാമുവലിന്റെ മക്കള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ നായികയായെത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലൂടെ ഐസ്‌ക്രീം കേസിലെ റജീനയുടെ കഥയാണ് പറയുന്നതെന്നാണ് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ പറയുന്നത്. ലിസാമ്മയുടെ വീട് എന്ന് ചിത്രത്തിന്റെ പേര് മാറ്റുകയും ചെയ്തു.

ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ 2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്തവീട് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലൂടെ സലിംകുമാറിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. ആറുവര്‍ഷത്തിനിപ്പുറം സാമുവിലന്റെയും മകള്‍ ലിസമ്മയുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തിലൂടെ ബാബു ജനാര്‍ദ്ദനന്‍ അവതരിപ്പിയ്ക്കുന്നത്.

ജീവിതത്തില്‍ ക്ഷണിക്കാതെയെത്തിയ ദുരന്തം ഏറ്റുവാങ്ങിയ സാമുവലും കുടുംബവും പിന്നീട് കോഴിക്കോട്ടേക്ക് താമസം മാറുന്നു. ലിസമ്മ ഇടതുട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനെ വിവാഹം കഴിക്കുന്നു. അപ്രതീക്ഷിതമായി അയാള്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് ജീവിതത്തില്‍ വീണ്ടും പകച്ചു പോകുന്ന ലിസമ്മയും കുട്ടിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു.

ആ വെളിപ്പെടുത്തല്‍ രാഷ്ട്രീയരംഗത്തെയും കേരളജനതയെയും ഞെട്ടിക്കുന്നു.

ചിത്രത്തില്‍ ലിസമ്മയെയാണ് മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്നത്.  സാമുവലായി സലിംകുമാര്‍ തന്നെ.

ജൂണ്‍ പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ലിസമ്മയുടെ വീട് ഗ്രീന്‍ അഡ്വര്‍ടൈസ്‌മെന്റിന് വേണ്ടി സലിം പി.ടി ആണ് നിര്‍മിക്കുന്നത്.

Advertisement