ka raufകോഴിക്കോട്: ഐസ്‌ക്രീം കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി സി.ബി.ഐ അന്വേഷണത്തെ ഏറെ ഭയപ്പെട്ടിരുന്നുവെന്നും സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ഒഴിവാക്കാന്‍ ഒരുകോടി രൂപ വരെ കൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറായിരുന്നുവെന്നും റൗഫിന്റെ കുറ്റസമ്മതമൊഴി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ഫെബ്രുവരി 23, 25 തീയതികളില്‍ റൗഫ് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേസ് ഒതുക്കാന്‍ ഒരുകോടി ആവശ്യമായി വന്നാല്‍ അതു കൊടുത്ത് രക്ഷപ്പെടണമെന്ന് കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റഊഫിന്റെ മൊഴിയിലുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ ഇതിനായി ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയായിരുന്നുവെന്നും റഊഫ് പറയുന്നു.

പണം നല്‍കുന്ന കാര്യം സംസാരിക്കാന്‍ മുന്‍ എ.ഡി.ജി.പി: കെ.സി. പീറ്ററുടെ വീട്ടില്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളും മൊഴിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

കേസില്‍ പ്രതിയായിരിക്കെ സ്വന്തം വെളിപ്പെടുത്തലുകള്‍ തനിക്കു തന്നെ വിനയാവുമെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് മൊഴി നല്‍കുന്നതെന്നും റഊഫ് മജിസ്‌ട്രേറ്റിനോടു പറഞ്ഞു. സുഹൃത്തു മുഖേനയാണ് അന്നത്തെ അഡ്വക്കേറ്റ് ജനറലിനെ ബന്ധപ്പെട്ടത്. സത്യവാങ്മൂലം തയാറാക്കുന്നഘട്ടത്തില്‍ മാത്രം 10-30 തവണയെങ്കിലും താനും കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ നേരില്‍ പോയി കണ്ടു. ഈ കാലഘട്ടത്തില്‍ തയാറാക്കിയ സത്യവാങ്മൂലത്തില്‍ തിരുത്തലുകള്‍ വരുത്തിയതായും മൊഴിയില്‍ പറയുന്നു.

എ.ജി. ആവശ്യപ്പെട്ടപ്രകാരം ഭാര്യയുടെ പേരിലുള്ള കമ്പനിയുടെ 69 ലക്ഷത്തിന്റെ ബാങ്ക് ബാധ്യത കുഞ്ഞാലിക്കുട്ടി ഒഴിവാക്കിനല്‍കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ എസ്.ബി.ഐയുടെ എം.ജി. റോഡ് ശാഖ മുഖേനയായിരുന്നു ഇടപാടുകള്‍ നടത്തിയതെന്നും റഊഫ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരിക്കേ ഐസ്‌ക്രീം കേസില്‍ വി.എസ്. അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതി കമ്മിഷന്‍ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് തള്ളിച്ചത് തന്റെ നേതൃത്വത്തിലായിരുന്നുവെന്നും റൗഫ് വെളിപ്പെടുത്തുന്നു.

പീഡനം നടന്നതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴികൊടുത്ത പുതിയറയിലെ വീട് രാത്രിയില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിച്ചുകളഞ്ഞു. റജീനയടക്കമുള്ള പെണ്‍കുട്ടികളുടെ പേരുകളും അവര്‍ക്കു നല്‍കിയ തുകയുടെ വിശദാംശങ്ങളും റൗഫിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.