Categories

ഐസ്‌ക്രീം: മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി

കോഴിക്കോട്: ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. പാര്‍ട്ടി സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് പാര്‍ട്ടിയെ അടിമുടി ഉലക്കുന്ന സ്ഥിതിയിലേക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുനീറിനെതിരെ ശക്തമായ ആരോപണവുമായാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

ഐസ്‌ക്രീം കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷനില്‍ വരുന്ന കാര്യം മുനീറിന് അറിയാമായിരുന്നുവെന്നാണ് മനോരമ നേരെ ചൊവ്വെയില്‍ പങ്കെടുത്തുകൊണ്ട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. കേസില്‍ തനിക്കെതിരെ ഗുഢാലോചന നടന്നിട്ടുണ്ട്. രണ്ട് പാര്‍ട്ടികളിലെ മേധാവിത്തം പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. എല്‍.ഡി.എഫിലും യു.ഡി.എഫിലും ഉള്‍പ്പെട്ടതാണീ പാര്‍ട്ടികള്‍.

തനിക്കെതിരെ ഇന്ത്യാവിഷന്‍ ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് പാര്‍ട്ടി നേരത്തെ അറിഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഇ.അഹമ്മദ് സാഹിബും പാണക്കാട് ഹൈദരലി തങ്ങളും വാര്‍ത്ത കൊടുക്കരുതെന്ന് മുനീറിനോട് നിര്‍ദേശിച്ചിരുന്നു. വാര്‍ത്ത കൊടുക്കാതിരിക്കാന്‍ നോക്കാം എന്ന് മുനീര്‍ ഇവരോട് മറുപടി പറയുകയും ചെയ്തു. പാര്‍ട്ടിയുടെ മേധാവിത്തം പിടിച്ചെടുക്കാനുള്ള അതിമോഹമാണ് ഇതിന് പിന്നിലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് മുനീര്‍ വ്യക്തമാക്കി. ആദ്യം പാണക്കാട് തങ്ങളോട് ഇക്കാര്യം ആലോചിക്കട്ടെ, പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ തീരുമാനം ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങളാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ മുനീറിന്റെ അറിവോടെ നടന്ന ഓപറേഷനാണ് ഇതെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം ആരോപിക്കുന്നത്. ഐസ്‌ക്രീം കേസില്‍ പരസ്യ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ ഒരാളുടെ രക്തം പൊടിയുമെന്ന് ഉറപ്പായിരിക്കയാണ്.

One Response to “ഐസ്‌ക്രീം: മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി”

  1. kalkki

    kujali kutty ice cream kayyiche ethayalum preshnam ayyi nna thonunne

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.