തിരുവന്തപുരം: ഐസ്‌ക്രീം കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പങ്കുള്ളതായി താന്‍ നല്‍കിയ നിയമോപദേശത്തില്‍ ഉറച്ച  നില്‍ക്കുന്നുവെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ: കല്ലട സുകുമാരന്‍. ഇക്കാര്യത്തില്‍ താന്‍ നല്‍കിയതില്‍ നിന്നും വ്യത്യസ്തമായ നിയമോപദേശമാണ് എ.ജിയായ എം.കെ ദാമോദരന്‍ നല്‍കിയതെന്നും അദ്ദേഹത്തിന്റെ നിലപാട് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദാമോദരന്റെ നിയമോപദേശത്തിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിക്ക് പങ്കുള്ളതായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Subscribe Us:

അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ തന്റെ നിയമോപദേശം ശരിയാണെന്ന് തെളിയിക്കപ്പെടും. ഐസ്‌ക്രീം കേസന്വേഷണം ഇത്രയും ദീര്‍ഘിപ്പിക്കേണ്ട കാര്യമില്ലെന്നും ഏഴ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്നതേയുള്ളുവെന്നും കല്ലട സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസ്‌കൂഷന്‍ ആയിരുന്നു കല്ലട സുകുമാരന്‍.

നേരത്തേ ഐസ്‌ക്രീ കേസില്‍ സുപ്രീംകോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കിയതും നിയമോപദേശം നല്‍കിയതും ദാമോദരനാണെന്നാണ് കെ.എ റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പ്രത്യുപകാരമായി ദാമോദരന്റെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ ബാധ്യത തീര്‍ത്തുകൊടുത്തെന്നും റഊഫ് ആരോപിച്ചിരുന്നു.

ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എം.കെ. ദാമോദരനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. എറണാകുളം പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജയ്‌സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. മൂന്നര മണിക്കൂറോളം നീണ്ടചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം വെളിപ്പെടുത്തിയില്ല.

Adv. Kallada Sukumaran