കൊച്ചി: ഐസ്‌ക്രീം കേസില്‍ അന്വേഷണ  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. കേസ് ജനുവരി 30ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഐസ്‌ക്രീം കേസ് അന്വേഷണ ഉദ്യോഗസ്ഥരായ എ.ഡി.ജി.പി വിന്‍സെന്റ് എം.പോള്‍, എസ്.പിമാരായ അനൂപ് കുരുവിള ജോണ്‍, പി.വിജയന്‍. ഡി.വൈ.എസ്.പി ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി.

ഐസ്‌ക്രീംകേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ആറാഴ്ചത്തെ സമയം കൂടി വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. അന്വേഷണത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അതിനാല്‍ ഒരുമാസത്തെ സമയം മാത്രമേ അനുവദിക്കാനാകൂവെന്നും കോടതി അറിയിക്കുകയായിരുന്നു.

Subscribe Us:

ഐസ്‌ക്രീംകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ടത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും  മുദ്രവെച്ച കവറില്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കൂടുതല്‍ സഹായിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ഘട്ടത്തില്‍ പുറമേ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ അന്വേഷണം ഏത് ദിശയിലാണ് നീങ്ങുന്നതെന്ന് തീരുമാനിക്കാന്‍ കഴിയില്ല. അതിനാല്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഇപ്പോള്‍ വേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ഹൈക്കോടതി പരിശോധിക്കണമെന്നും വി.എസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും കോടതിയുടെ ഭാഗത്തുനിന്നും അനുകൂല മറുപടിയുണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് കേസന്വേഷണം 95% പൂര്‍ത്തിയായെന്നും ആറാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും എ.ജി ആവശ്യപ്പെട്ടത്. കേസില്‍ ഇതുവരെ 129 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ടെന്ന് എ.ജി അറിയിച്ചു. 104 രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ചില രേഖകള്‍ പരിശോധിക്കാനുണ്ടെന്നും എ.ജി അറിയിച്ചു.

2011 ജനുവരി 28നാണ് ഐസ്‌ക്രീംകേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫിന്റെ വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് 2011 ഫെബ്രുവരി 3ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2011 മെയ് അഞ്ചിനാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. കേസില്‍ 47 സാക്ഷികളുടെ മൊഴിയെടുത്തതായും 33 രേഖകള്‍ പിടിച്ചെടുത്തതായും എജി അന്ന് കോടതിയെ അറിയിച്ചു. ജൂലൈ 28നാണ് കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുമെന്ന് ഹൈക്കോടതി അറിയിച്ചത്. കേസില്‍ 45 സാക്ഷികളെ കൂടി ചോദ്യംചെയ്തതായി അന്വേഷണം സംഘം അന്ന് കോടതിയെ അറിയിച്ചിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം അടുത്തിടെ ചോദ്യം ചെയ്തിരുന്നു.

ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന്

ഐസ്‌ക്രീം കേസ്: സാക്ഷിമൊഴി തിരുത്തിയതിന്റെ രേഖകള്‍ പുറത്ത്

Malayalam news

Kerala news in English