കൊച്ചി: ഐസ്‌ക്രീം കേസ്ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം തിങ്കളാഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

മുന്‍മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതുകൊണ്ട് തന്ന കോടതിക്ക് ഇരട്ട ഉത്തരവാദിത്വമാണ് ഉള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

അതേസമയം, കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. 84 സാക്ഷികളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇവരില്‍ നിന്ന് 56 രേഖകളും കണ്ടെടുത്തിരുന്നു. സാക്ഷികളില്‍ 47 പേരില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ മൊഴിയെടുത്തിരുന്നതായും അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഇപ്പോഴുള്ള അന്വേഷണസംഘം തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.