ന്യൂദല്‍ഹി: ഐസ്‌ക്രീം കേസിന്റെ കേസ്ഡയറി അന്വേഷണ സംഘം സുപ്രീം കോടതിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്വേഷണ സംഘത്തിലുള്ള അനൂപ് കുരുവിള ജോണാണ് സുപ്രീം കോടതിയില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയത്. അന്വേഷണത്തലവനായ എ.ഡി.ജി.പി വിന്‍സെന്റ് പോളിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഡയറി ഏറ്റുവാങ്ങിയത്.

അതേസമയം ഐസ്‌ക്രീം കേസിന്റെ പുരന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ സ്വന്തം നിലയില്‍ നിയമോപദേശം തേടി. ദല്‍ഹിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനോടാണ് ഉപദേശം തേടിയത്.

സാക്ഷികളേയും നിയമസംവിധാനത്തേയും സ്വാധീനിച്ച് കേസ് അട്ടിമറിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ പെണ്‍വാണിഭക്കേസിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കേണ്ടത് അനിവാര്യമാണെന്നതിനാലാണ് പോലീസിന്റെ ഈ നീക്കം. പ്രത്യേകം അപേക്ഷ നല്‍കി സുപ്രീം കോടതിയില്‍ നിന്ന് മുഴുവന്‍ രേഖകളും ഏറ്റുവാങ്ങുകയായിരുന്നു. ഇക്കൂട്ടത്തില്‍ കേസ് ഡയറിയും ഉള്‍പ്പെടും.

കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെ അജിത മുമ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഈ ഹരജി തീര്‍പ്പാക്കുന്നതിന് വേണ്ടി ദല്‍ഹിയിലേക്ക് കൊണ്ടുപോയ കേസ് ഡയറി പിന്നീട് തിരികെ നല്‍കിയിരുന്നില്ല. ഇതോടൊപ്പം കേസിന്റെ മുഴുവന്‍ രേഖകളും സുപ്രിംകോടതിയുടെ കസ്റ്റഡിയിലായിരുന്നു.ഈ രേഖകള്‍ ലഭ്യമായതേടെ അട്ടിമറിയുടെ വേരുകള്‍ തേടിയുള്ള അന്വേഷണം ഊര്‍ജിതാമാകും.

ഇതിനിടെ കേസിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സ്വന്തം നിലയില്‍ ഡല്‍ഹിയില്‍ ഒരു മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്റെ ഉപദേശം തേടി.പുതിയതായി ലഭിച്ച തെളിവുകളും മറ്റ് രേഖകളും ഇതിനായി ദല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. കേസ് വീണ്ടും അന്വേഷിക്കുന്നത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം.