Categories

ഐസ്ക്രീം കേസ്: എ.സി രാധാകൃഷ്ണപ്പിള്ള നല്‍കിയ റിപ്പോര്‍ട്ട് തള്ളി

കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ രാധാകൃഷ്ണപിള്ള നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനല്ല രാധാകൃഷ്ണപ്പിള്ളയെന്നും അതിനാല്‍ ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കാനാവില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഐസ്‌ക്രീം കേസ് പുനരന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍ ആരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെടുക്കുന്നതെന്ന് അറിയിക്കാന്‍ കോടതി മൂന്നു ദിവസത്തെ സമയം അനുവദിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ കോടതി ഈ മാസം 19ലേക്കു മാറ്റി. കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഉദ്യോഗസ്ഥനായ കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ രാധാകൃഷ്ണപിള്ള പ്രതികള്‍ക്കൊപ്പം നിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ.അബ്ദുല്‍ അസീസ് നല്‍കിയ പരാതി പരിഗണിച്ച് കോഴിക്കോട് സി.ജെ.എം. കോടതി(4) മജിസ്‌ട്രേറ്റ് ജി. മഹേഷാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

നിര്‍മല്‍ മാധവ് പ്രശ്‌നത്തില്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനു മുന്നില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധ സമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ചട്ടം പാലിക്കാതെ വെടിയുതിര്‍ത്ത് വിവാദ നായകനായ പോലീസ് ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണപ്പിള്ള. കേസ് അന്വേഷിച്ചിരുന്ന എ.സി ജെയ്‌സണ്‍ കെ. എബ്രഹാമിനെ സ്ഥലം മാറ്റി രാധാകൃഷ്ണപ്പിള്ളയെ അസിസ്റ്റന്റ് കമ്മീഷണറാക്കി നിയമിച്ചത് ഐസ്‌ക്രീം കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രണ്ടു പെണ്‍കുട്ടികള്‍ 1996 ഒകേ്ടാബര്‍ 20നു ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണു രാധാകൃഷ്ണപിള്ളക്കെതിരേ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച പുനരന്വേഷണം വേണമെന്നുമുള്ള ആവശ്യം ഈയിടെയാണ് കോടതിയിലെത്തിയത്.

സംഭവത്തില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമര്‍പ്പിച്ചത് ഈ സംഭവം നടന്ന കാലത്തെ ഫയലാണെന്നതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണമായിട്ടുള്ളത്. പഴയ ഫയല്‍ ചട്ടം ലംഘിച്ചാണു പിള്ള കോടതിയില്‍ എത്തിച്ചതെന്നാണു പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.