കൊളംബോ: അടുത്ത വര്‍ഷം ശ്രീലങ്കയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ നിലവിലെ ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടും പ്രഥമ ലോകകപ്പ് ജേതാക്കളായ ഇന്ത്യയും ഒരേ ഗ്രൂപ്പില്‍.

ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും പുറമെ യോഗ്യത നേടിയെത്തുന്ന ടീമുകളിലൊന്നാണ് പ്രാഥമിക റൗണ്ടില്‍ ഉണ്ടാവുക. അടുത്തവര്‍ഷം സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ടൂര്‍ണ്ണമെന്റ്.

സെപ്റ്റംബര്‍ 19ന് യോഗ്യത നേടിയെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. രണ്ട് മത്സരങ്ങള്‍ക്കും ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയവാവും വേദിയാവുക. ശ്രീലങ്കയും -സിംബാബ്‌വെയും തമ്മിലാണ് ഉദ്ഘാടന മത്സരം. സപ്തംബര്‍ 18നാണ് ഉദ്ഘാടന മത്സരം.

നാല് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഓരോ ഗ്രൂപ്പിലും മൂന്ന് ടീമുകള്‍ ഉണ്ടാവും. ഓരോ ഗ്രൂപ്പിലെയും രണ്ടു ടീമുകള്‍ വീതം സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടിലും രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം.

ലോകകപ്പിന്റെ ഗ്രൂപ്പ് ബി യില്‍ ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും യോഗ്യത നേടുന്ന ടീമും കളിക്കും. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ഗ്രൂപ്പ് സിയിലും പാകിസ്താന്‍ ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ഡി യിലും മത്സരിക്കും.

അടുത്തിടെ നടന്ന ഇംഗ്ലണ്ട് ടൂറില്‍ ഇന്ത്യ ആതിഥേയരില്‍ നിന്നും സമ്പൂര്‍ണ്ണ തോല്‍വി ഏറ്റ് വാങ്ങിയിരുന്നു. പര്യാടനത്തില്‍ ടെസ്റ്റ്, ഏകദിന, പരമ്പരകള്‍ക്ക് പുറമെ ഏക ട്വന്റി 20യിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.