Categories

സ്പിന്‍ കരുത്തില്‍ ദക്ഷിണാഫ്രിക്ക വേട്ട തുടങ്ങി

ന്യൂദല്‍ഹി: ഫാസ്റ്റ്ബൗളര്‍മാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് എക്കാലവും ശ്രദ്ധിക്കപ്പെട്ട ദക്ഷിണാഫ്രിക്ക മൂന്നു സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരെ അണിനിരത്തി തങ്ങളുടെ ആദ്യ വിജയം നേടി. വെസ്റ്റ്ഇന്‍ഡീസിനെ ഏഴു വിക്കറ്റിനാണ് പ്രോട്ടീസുകാര്‍ തകര്‍ത്തത്. സ്‌കോര്‍. വെസ്റ്റ്ഇന്‍ഡീസ് 222, ദക്ഷിണാഫ്രിക്ക 3/ 223

ദല്‍ഹി ഫിറോസ് ഷാ കോട്ട്‌ല ഗ്രൗണ്ടിനെക്കുറിച്ച് പഠിച്ച് വ്യക്തമായ പ്ലാനോടുകൂടിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റുചെയ്ത വീന്‍ഡിസിനെ ഏറ്റവും കുറഞ്ഞ സ്‌കോറിലൊതുക്കുക എന്നതായിരുന്നു ലക്ഷ്യം. വീന്‍ഡീസ് ബാറ്റിംഗിലെ തട്ടുപൊളിപ്പന്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ തളയ്ക്കാന്‍ ആദ്യ ഓവര്‍ തന്നെ ടീമിലെ പരിചയസമ്പന്നനായ സ്പിന്നര്‍ ബോത്തയെ ഏല്‍പ്പിച്ചു. തന്ത്രം വിജയിച്ചു. നേരിട്ട മൂന്നാംപന്തില്‍ സ്ലിപ്പില്‍ കാലിസ് പിടിച്ച് ഗെയില്‍ പുറത്ത്.

എന്നാല്‍ രണ്ടാംവിക്കറ്റില്‍ സ്മിത്തും ഡാരന്‍ ബ്രാവോയും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വീന്‍ഡീസ് മുന്‍ ഇതിഹാസതാരം ബ്രയിന്‍ ലാറയെ സ്മരിപ്പിക്കുന്നതായിരുന്നു ബ്രാവോയുടെ ബാറ്റിംഗ്. കവര്‍ഡ്രൈവുകളും ഒരു കൂറ്റന്‍ സിക്‌സറും ബ്രാവോ പറത്തി.

എന്നാല്‍ സ്പിന്നര്‍മാര്‍ വീണ്ടും കളിയുടെ ഗതി തിരിച്ചു. ബോത്തയുടെ പന്തില്‍ എല്‍.ബി ഡബ്ല്യൂ ആയി ബ്രാവോ പുറത്താകുമ്പോള്‍ വീന്‍ഡിസിന്റെ സ്‌കോര്‍ 113 റണ്‍സായിരുന്നു.

ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തിനിറങ്ങിയ ഇമ്രാന്‍ താഹിറിന്റെ ഊഴമായിരുന്നു പിന്നീട്. മികച്ച ടേണിംഗും ബൗണ്‍സും കണ്ടെത്തിയ താഹിര്‍ വീന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. പത്തോവറില്‍ 41 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്താന്‍ തഹീറിനായി. മറ്റൊരു സ്പിന്നറായ പീറ്റേര്‍സണും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാണിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കം പിഴച്ചു. 14 റണ്‍സിന് ആംലയും നാലുറണ്‍സിന് കാലിസും കൂടാരം കയറി. എന്നാല്‍ മൂന്നാംവിക്കറ്റില്‍ സ്മിത്തും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 119 രണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 107 റണ്‍സോടെ ഡിവില്ലിയേഴ്‌സും 42 റണ്‍സോടെ ഡുമിനിയും പുറത്താകാതെ നിന്നു. ഡിവില്ലിയേര്‍സാണ് മല്‍സരത്തിലെ താരം.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -2
f പാക്കിസ്ഥാന്‍ -2
g സിംബാവേ -0

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -2
b ബംഗ്ലാദേശ് -0
c ഇംഗ്ലണ്ട് -2
e ദക്ഷിണാഫ്രിക്ക -2
f വെസ്റ്റ്ഇന്‍ഡീസ് -0
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.