നാഗ്പൂര്‍: ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രണ്ടു ടീമുകള്‍ തമ്മില്‍ മല്‍സരിച്ചപ്പോള്‍ കടുത്ത പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് പിഴച്ചു. ആധികാരികമായ പ്രകടനത്തിലൂടെ ആസ്‌ട്രേലിയ എതിരാളികളായ ന്യൂസിലാന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ക്കുന്ന കാഴ്ച്ചയ്ക്കാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

സ്‌കോര്‍: ന്യൂസീലാന്‍ഡ് 206, ആസ്‌ട്രേലിയ 207/ 3 .മിച്ചല്‍ ജോണ്‍സണാണ് മാന്‍ ഓഫ് ദ മാച്ച്

ടോസ് നേടിയ കംഗാരു ക്യാപ്റ്റന്‍ പോണ്ടിംഗ് കിവീസിനെ ബാറ്റിംഗിനുവിട്ടു. എന്നാല്‍ ഷോണ്‍ ടെയ്റ്റിന്റേയും ബ്രെറ്റ് ലീയുടെയും കണിശതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ കിവി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിച്ചു. 70 റണ്‍സെടുക്കുന്നതിനുമുന്നേ കിവീസിന്റെ പകുതി ബാറ്റ്‌സ്മാന്‍മാരും പവലിയനിലെത്തി.

52 റണ്‍സെടുത്ത നതാന്‍ മക്കുല്ലവും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ വെറ്റോറിയും മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ക്ഷമകാണിച്ചത്. കംഗാരുക്കള്‍ക്കായി മിച്ചല്‍ ജോണ്‍സണ്‍ ഈ മല്‍സരത്തിലും നാലുവിക്കറ്റെടുത്തു. ടെയ്റ്റ് മൂന്നും ലീ,സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിയായി സ്വപ്‌നതുടക്കമാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. കഴിഞ്ഞതവണ നിര്‍ത്തിയിടത്തുനിന്ന് ഓപ്പണര്‍ വാട്ട്‌സണ്‍ തുടങ്ങി. ആദ്യവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 133 റണ്‍സ് ചേര്‍ത്തപ്പോഴേ കളിയുടെ ഗതി നിശ്ചയിക്കപ്പെട്ടു. വാട്ട്‌സണ്‍ 62 റണ്‍സും ഹാഡിന്‍ 55 റണ്‍സും നേടി. ഒടുവില്‍ ക്ലാര്‍ക്കും ഡേവിഡ് ഹസിയും ചേര്‍ന്ന് കംഗാരുക്കളെ വിജയതീരമണയിച്ചു.

അയര്‍ലന്റിനെ അരിഞ്ഞിട്ട് ബംഗ്ലാകടുവകള്‍
മിര്‍പൂരില്‍ നടന്ന തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ആവേശകരമായ വിജയം നേടി ബംഗ്ലാദേശ് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യവിജയത്തിനായി ആര്‍ത്തുവിളിച്ച ആരാധകരെ സാക്ഷിനിര്‍ത്തി 27 റണ്‍സിനാണ് ബംഗ്ലാകടുവകള്‍ അയര്‍ലന്റിനെ അരിഞ്ഞിട്ടത്. സ്‌കോര്‍: ബംഗ്ലാദേശ് 205, അയര്‍ലന്റ് 178

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. ഏറെ കണിശതയാര്‍ന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലന്റ് ബൗളര്‍മാര്‍ നടത്തിയത്. ഓപ്പണര്‍ തമിം ഇഖ്ബാല്‍ 40 റണ്‍സ്, റഖിബുല്‍ ഹസന്‍ 38, മുഷ്ഫിക്കുര്‍ റഹിം 36 എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. അയര്‍ലന്റിനായി ബോത്ത മൂന്നുവിക്കറ്റെടുത്തു.

മറുപടിയായിറങ്ങിയ അയര്‍ലന്റിനും തുടക്കം തകര്‍ച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. ബ്രയന്‍ സഹോദരന്‍മാര്‍ മാത്രമാണ് കുറച്ചെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. ഒടുവില്‍ അയര്‍ന്റിന്റെ പോരാട്ടം 178ല്‍ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനായി ഷാഫിഉല്‍ ഇസ് ലാം നാലുവിക്കറ്റ് വീഴ്ത്തി. തമിം ഇഖ്ബാസാണ് കളിയിലെ താരം.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -4
f പാക്കിസ്ഥാന്‍ -2
g സിംബാവേ -0

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -2
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -2
e ദക്ഷിണാഫ്രിക്ക -2
f വെസ്റ്റ്ഇന്‍ഡീസ് -0
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0