ധാക്ക: നിറങ്ങളുടെ മായക്കാഴ്ച്ചകള്‍ കൊണ്ട് ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയം നിറഞ്ഞതോടെ ലോകകപ്പ് ക്രിക്കറ്റ് കാര്‍ണിവലിന് തുടക്കമായി. ധാക്കയിലെ ജനപ്രിയ വാഹനമായ റിക്ഷയില്‍ വിവിധടീം ക്യാപ്റ്റന്‍മാര്‍ വന്നിറങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ ആവേശക്കൊടുങ്കാറ്റുയര്‍ന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് ലോകകപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. പതിനാല് ടീമുകളുടേയും ക്യാപ്റ്റന്‍മാര്‍ പ്രത്യേകം തയ്യാറാക്കിയ റിക്ഷയില്‍ ധാക്ക സ്റ്റേഡിയത്തിലേക്ക് എത്തിയതോടെയാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സംഗീത-ലേസര്‍ വിരുന്നായിരുന്നു കാണികള്‍ ആസ്വദിച്ചത്. ദേ ഘുമാഘേ….എന്ന തീം സോംഗ് കാണികളുടെ മനം കവര്‍ന്നു. ശങ്കര്‍ മഹാദേവനും സംഘവുമാണ് ഗാനവിരുന്നൊരുക്കിയത്. ശനിയാഴ്ച്ച ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.