ഐ.പി.എല്‍ ഒത്തുകളി: അമ്പയര്‍ ആസാദ് റഹൂഫിന് വിലക്ക്
DSport
ഐ.പി.എല്‍ ഒത്തുകളി: അമ്പയര്‍ ആസാദ് റഹൂഫിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 8:47 pm

[]ദുബായ്: ഐ.പി.എല്ലില്‍ ഒത്തുകളിക്ക് കൂട്ടുനിന്നെന്ന ആരോപണത്തെ തുടര്‍ന്ന് അമ്പയര്‍ ആസാദ് റഹൂഫിന് ഐ.സി.സിയുടെ വിലക്ക്.

അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്  ട്രോഫിയില്‍ നിന്നാണ് പാക്കിസ്ഥാന്‍ അമ്പയറായ ആസാദ് റഹൂഫിനെ അമ്പയര്‍ സ്ഥാനത്ത്  നിന്ന് വിലക്കിയത്.[]

ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് ഗ്രൂപ്പില്‍ നിന്നും ആസാദിനെ പുറത്താക്കിയിട്ടുണ്ട്. ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചുവെന്ന ആരോപണം ആസാദിനെതിരെ നിലനില്‍ ക്കുന്നതിനാലാണ് അദ്ദേഹത്തെ അമ്പയര്‍ സ്ഥാനത്ത് നിന്ന്

വിലക്കിയതെന്ന് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. മുംബൈ പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ റഹൂഫ് ഒത്തുക്കളിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാന്‍ ഐ.സി.സി ഇതുവരെ തയ്യാറായിട്ടില്ല.

റഹൂഫ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സക അഷ്‌റഫ് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം മോഡലായ ലീന കപൂര്‍ റവുഫിനെതിരെ ലൈംഗീക ആരോപണം ഉയര്‍ത്തിയിരുന്നു. നാലു മാസം തന്നെ ലൈംഗീകമായി ഉപയോഗിക്കുകയും അതിന് ശേഷം വിവാഹം കഴിക്കാന്‍ നിരസിച്ചതായുമാണ് ലീന കപൂര്‍ പരാതിപ്പെട്ടത്.