ദല്‍ഹി: ഫലം പ്രസക്തമാകാതിരുന്ന ലോകകപ്പ് മല്‍സരത്തില്‍ കാനഡ കെനിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: കെനിയ 198, കാനഡ് 5/ 199. 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത കനേഡിയന്‍ പേസര്‍ ഒസിന്‍ഡെയാണ് കളിയിലെ താരം.

ആവേശം കുറഞ്ഞ ദുര്‍ബലരുടെ പോരാട്ടത്തിനായിരുന്നു ദല്‍ഹി ഫിറോസ് ഷാ കോട്ട്‌ലാ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റുചെയ്ത കെനിയ തങ്ങളുടെ ദൗര്‍ബല്യം വീണ്ടും തെളിയിച്ചു. അമ്പതുറണ്‍സെടുക്കുന്നതിനിടെ കെനിയയുടെ പകുതി ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. 51 റണ്‍സെടുത്ത തന്‍മയ് മിശ്രയും 51 റണ്‍സെടുത്ത തോമസ് ഓഡോയോയും മാത്രമാണ് കെനിയക്കായി ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്.

മറുപടിയായി കാനഡയക്കും മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ നാലാംവിക്കറ്റില്‍ ആശിഷ് ബഗായിയും (64) ഹന്‍സറയും (70) ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കെനിയക്കായി ഒഡിയാംബോ രണ്ടുവിക്കറ്റ് വീഴ്ത്തി.