ന്യൂദല്‍ഹി: ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒത്തുകളിയായിരുന്നെന്ന സണ്‍ഡെ ടൈംസ് പത്രത്തിന്റെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി.

പത്രറിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ച ഐ.സി.സി. തലവന്‍ ഹാരൂണ്‍ ലോര്‍ഗത്ത് വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും പറഞ്ഞു. ഇതു സംബന്ധിച്ച യാതൊരു തെളിവും ഒരു ഏജന്‍സിക്കും ലഭിക്കാത്ത പശ്ചാത്തലത്തില്‍ അതേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രങ്ങള്‍ക്ക് എന്തും പ്രസിദ്ധീകരിക്കാം. ഒരു അംഗീകൃത അന്വേഷണ ഏജന്‍സിയോ ഐസിസിയോ ഇതു സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാത്ത പശ്ചാത്തലത്തില്‍ അതേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്ന്- ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞുരാജീവ് ശുക്ല പറഞ്ഞു.

2011ലെ ലോകകപ്പ് ഇതേവരെ നടന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിച്ചിട്ടുള്ളതാണ്. അതിന്റെ പ്രതിഛായ തകര്‍ക്കാന്‍ മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉപകരിക്കുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മത്സരത്തില്‍ ഒത്തുകളി നടന്നെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പറഞ്ഞു.

സാവധാനത്തില്‍ ബാറ്റ് ചെയ്യുന്നതിന് 44,000 പൗണ്ടും ബൗളര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാല്‍ 7,50000 പൗണ്ടും വാതുവയ്പ്പുകാര്‍ നല്‍കുമെന്ന് സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam news

Kerala news in English