ബാംഗ്ലൂര്‍: വിവിധകമ്പനികളുടെ പരസ്യകരാറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി).യുടെ ശാസന.

ലോകകപ്പുമായി ഔദ്യോഗികമായി ബന്ധമില്ലാത്ത കമ്പനികളുടെ പരസ്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഇന്ത്യന്‍ ക്യാപ്റ്റന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഐ.സി.സിയുടെ മാര്‍ക്കറ്റിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ക്യാപ്റ്റന്‍ ധോണി പ്രവര്‍ത്തിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു.

സോണി,എയര്‍സെല്‍ എന്നിവയുമായി ധോണി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കമ്പനികള്‍ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരല്ല. അതുകൊണ്ടു തന്നെ ഇത്തരം കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലെന്നാണ് ഐ.സി.സി വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ ഈയിടെ ധോണി അഭിനിയിച്ച ഒരു പരസ്യം ഐ.സി.സിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ താരത്തിനെതിരേ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.