ദുബൈ: ക്യാപ്റ്റനെന്ന നിലയില്‍ മഹേന്ദ്രസിങ് ധോണി മറക്കാനാഗ്രഹിക്കുന്ന പര്യാടനമാവും ഇംഗ്ലണ്ടിലേത്. എന്നാല്‍ ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് പട്ടം നേടിയ ഇന്ത്യന്‍ നായകന്‍ ഐ.സി.സി. വ്യക്തിഗത റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.

അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ നിന്നായി 79ന് മുകളില്‍ ശരാശരിയുമായി ധോണി അടിച്ച് കൂട്ടിത് 236 റണ്‍സാണ്. പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ബാറ്റ്‌സ്മാന്‍ ധോണിയാണ്.

ഇത് റാങ്കിങ്ങില്‍  സ്ഥാനം മെച്ചപ്പെടുത്താന്‍  ധോണിയെ സഹായിച്ചു. വിരാട് കോഹ് ലിയാണ് ആദ്യ പത്തിലിടം കണ്ടെത്തിയ മറ്റൊരിന്ത്യന്‍ താരം. അന്താരാക്ഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ റാങ്കിംങ് പ്രകാരം കോഹ്‌ലി ഒന്‍പതാം സ്ഥാനത്താണ്.

അവസാന മത്സരത്തിലെ സെഞ്ചുറിയടക്കം പരമ്പരിയില്‍ കോഹ് ലി 194 റണ്‍സ് നേടിയിരുന്നു. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ട് ആറ് പോയന്റ് നേടി മൂന്നാംസ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍സംഗക്കാര നാലാം സ്ഥാനത്തായി.