ലണ്ടന്‍: ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി.

നിലവിലെ 50-50 ഓവര്‍ സംവിധാനത്തിന് പകരമായി ടെസ്റ്റിലെപോലെ 25 ഓവറുകള്‍ വീതമുളള നാല് ഇന്നിംഗ്‌സുകള്‍ ഏകദിനക്രിക്കറ്റിലും ആകാമെന്നായിരുന്നു സച്ചിന്റെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍ നിലവിലെ രീതി തന്നെ തുടരാനാണ് ഐ.സി.സി.യുടെ തീരുമാനമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു.

സച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് കുറച്ച് മുന്‍പ് ലഭിച്ചിരുന്നു. പിന്നീട് ഈ വിഷയത്തെ കുറിച്ച് സച്ചിനോട് ഞാന്‍ തന്നെ പലതവണ നേരിട്ട് സംസാരിച്ചിരുന്നു. ഇന്ത്യയിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലുമായി നടന്ന് കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളുടെ വിജയം തന്നെ 50 ഓവര്‍ മത്സരത്തിന് ഇപ്പോഴുമുള്ള ജനപ്രീതി തെളിയിക്കുന്നു. അതിനാല്‍ തത്കാലം മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ല. ലോര്‍ഗറ്റ് പറഞ്ഞു.

നിലവിലെ സംവിധാനത്തില്‍ ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇതിന് പകരം 25 ഓവര്‍ വീതമുള്ള നാല് ഇന്നിംഗ്‌സുകളായാല്‍ ഓരോ ടീമിനും ഒന്നിടവിട്ട ഇന്നിംഗ്‌സുകളാണ് ബാറ്റ് ചെയ്യേണ്ടി വരികയെന്നും അങ്ങിനെ വരുമ്പോള്‍ ടോസിന്റെയും പിച്ചിന്റെയും കാലാവസ്ഥയുടെയും ആനുകൂല്യം ടോസ് കിട്ടുന്ന ടീമിന് ലഭിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ പുതിയ ഫോര്‍മാറ്റില്‍ ബൗളര്‍മാരുടെ ഓവര്‍ പരിധി നാലു പേര്‍ക്കെങ്കിലും 12 ഓവറാക്കാനും സച്ചിന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിലവില്‍ ഒരു ബൗളര്‍ക്ക് 10 ഓവര്‍ ബൗള്‍ ചെയ്യാം. പവര്‍ പ്ലേയുടെ കാര്യത്തിലും മാറ്റം വേണമെന്ന് സച്ചിന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓരോ 25 ഓവറിലും രണ്ട് പവര്‍പ്ലെ മാത്രമേ പാടുള്ളൂവെന്നാണ് സച്ചിന്റെ നിര്‍ദ്ദേശം. പല ടെലിവിഷന്‍ അഭിമുഖങ്ങളിലും പുതിയ മാറ്റങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് സച്ചിന്‍ ഇക്കാര്യമുന്നയിച്ച് ഐ.സി.സി ചീഫിന് കത്തെഴുതുന്നത്.