എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ടോം ജോസിനെ പിന്താങ്ങി ഇബ്രാഹിം കുഞ്ഞ്‌
എഡിറ്റര്‍
Sunday 21st October 2012 5:29pm

കൊച്ചി:ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്റെ അധികാര പരിധി ചോദ്യം ചെയ്ത് കൊച്ചി മെട്രോ മുന്‍ എം.ഡി ടോം ജോസ് കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറിയും ഡി.എം.ആര്‍.സി ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയ്ക്ക് അയച്ച കത്തിനെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിം കുഞ്ഞ്.

Ads By Google

ടോം ജോസ് കത്ത് ഇപ്പോള്‍ അയച്ചതല്ലെന്നും അദ്ദേഹം കൊച്ചി മെട്രോ മനേജിങ് ഡയറക്ടറായിരുന്ന കാലത്ത് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 26 നാണ് ടോം ജോസ് സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസമാണ് പി.രാജീവ് എം.പി ഈ കത്ത് പുറത്ത് വിട്ടത്. കൊച്ചി മെട്രോയുടെ മേല്‍നോട്ടക്കാരനായി ഇ.ശ്രീധരനെ നിയമിക്കുന്നതിനെ ഡി.എം.ആര്‍.സി അനുകൂലിക്കുന്നുണ്ടോയെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ഇത് സഹായിക്കുമെന്നും വ്യക്തമായ മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ടോം ജോസിന്റെ നീക്കം കടുത്ത അച്ചടക്ക ലംഘനവും മര്യാദകേടുമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. മുഖ്യമന്ത്രിയോ താനോ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടോം ജോസിന്റെ കത്തിനെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisement