എഡിറ്റര്‍
എഡിറ്റര്‍
രാജീവ് ഗാന്ധി കൊലപാതകം: പ്രധാന തെളിവ് മുക്കിയതെന്ന് ഉദ്യോഗ്‌സഥന്‍
എഡിറ്റര്‍
Tuesday 30th October 2012 2:06pm

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായൊരു തെളിവ് അന്നത്തെ ഐ.ബി മേധാവി എം.കെ നാരായണന്‍ ഒളിപ്പിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി പുസ്തകം പുറത്തിറങ്ങി.

‘കോണ്‍സ്പിറസി ടു കില്‍ രാജീവ് ഗാന്ധി-ഫ്രം സി.ബി.ഐ ഫയല്‍’ എന്ന പുസ്തകം എഴുതിയത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കെ രഘൂത്തമനാണ്.

Ads By Google

ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേക്ക് രാജീവഗാന്ധിയെത്തുന്നതിന് മുമ്പ് ബെല്‍റ്റ് ബോംബുമായി കാത്തുനിന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ് മുക്കിയത്. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍ കാര്‍ത്തികേയന്‍ എം.കെ നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

രാജീവ്ഗാന്ധി എത്തുന്നതിന് രണ്ടര മണിക്കൂറിന് മുമ്പ് തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ്ഗാന്ധി എത്തിയതിന് ശേഷമാണ് തനു ആളുകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട് പോലീസിന്റെ കള്ളവാദം ബലപ്പിക്കാനാണ് വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു.

സംഭവസ്ഥലത്തുവെച്ച് തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ് ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ് നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നെന്നും രഘൂത്തമന്‍ പറയുന്നു.
കൊലപാതകത്തിന് ശേഷം വന്ന ദൂരദര്‍ശന്‍ ന്യൂസ് ബുള്ളറ്റിനിലും തമിഴ്‌നാട് പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

തമിഴ്‌നാട് പോലീസില്‍ നിന്നും ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വീഡിയോ ടേപ്പില്‍ കൃത്രിമത്വം നടന്നതായും പുസ്തകത്തില്‍ പറയുന്നു.

വീഡിയോയില്‍ തനു വേദിയിലുള്ള ചില ആളുകളുമായി സംവദിച്ചത് ആ സമയത്ത് കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടാപ്പ് ഒളിച്ച് വെക്കുന്നതിലൂടെ ഇത്തരം തെളിവുകളാണ് ഇല്ലാതാകുന്നത്. നാരായണന്‍ എന്തിനാണ് ഇങ്ങനെ ചെയ്തത്? രാജീവ് ഗാന്ധിയുമായുള്ള വ്യക്തിബന്ധം പോലും കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരായി ഇങ്ങനെയൊന്ന് എന്തിനാണ് ചെയ്തത്?. പുസ്തകത്തില്‍ ചോദിക്കുന്നു.

Advertisement