ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കുഴങ്ങുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വീണ്ടും പ്രഹരം. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാന ടിക്കറ്റുകള്‍ വിതരണം ചെയ്യേണ്ടെന്ന് ഇന്റര്‍നാഷണല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോടിക്കണക്കിന് രൂപ കുടിശികയായിട്ടും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തുക തിരിച്ചടയ്ക്കാത്തതിനാലാണ് ഈ നടപടിയെന്ന് ആഗോള തലത്തിലെ വിമാന കമ്പനികളുടെ അസോസിയേഷനായ അയാട്ട അറിയിച്ചു.

ഇന്നു മുതല്‍ അയാട്ടയുടെ ക്ലിയറിംഗ് ഹൗസില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് അംഗത്വമുണ്ടാവില്ല. വിവിധ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ തമ്മിലുള്ള ഇന്റര്‍ലൈന്‍ ബില്ലിംഗുകള്‍ കൈകാര്യം ചെയ്യുന്ന അംഗീകൃത ഏജന്‍സിയായ അയാട്ട ക്ലിയറിംഗ് ഹൗസിന് (ഐ.സി.എച്ച്) നല്‍കാനുള്ള തുക പൂര്‍ണമായും അടച്ചു തീര്‍ത്താല്‍ മാത്രമെ കിംഗ്ഫിഷറിന്റെ ടിക്കറ്റുകള്‍ ഇനി ഏജന്റുമാര്‍ വിതരണം ചെയ്യുകയുള്ളൂ. ഐ.സി.എച്ചില്‍ നിന്നു പുറത്തായതോടെ കിംഗ്ഫിഷര്‍ നല്‍കുന്ന കണക്ഷന്‍ ടിക്കറ്റുകള്‍ മറ്റ് വിമാന കമ്പനികള്‍ സ്വീകരിക്കില്ല.

എന്നാല്‍, അയാട്ടയുടെ ക്ലിയറിംഗ് ഹൗസ് അംഗത്വം റദ്ദാക്കിയ നടപടി താത്കാലികമാണെന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും അയാട്ട നടപടി ബാധിക്കില്ലെന്നും ആഭ്യന്തര, വിദേശ നഗരങ്ങളിലേക്ക് 200 വിമാന സര്‍വീസുകള്‍ നിലവില്‍ നടത്തുന്നുണ്ടെന്നും കിംഗ്ഫിഷര്‍ വക്താവ് പറഞ്ഞു.

അതിനിടെ, കിംഗ്ഫിഷറിന് ഇന്ധനം നല്‍കുന്നത് ഭാരത് പെട്രോളിയം നിര്‍ത്തിവെച്ചു. കിംഗ്ഫിഷര്‍ ഇന്ധനം വാങ്ങിയതില്‍ വന്‍തുകയാണ് ഭാരത് പെട്രോളിയത്തിന് നല്‍കാനുള്ളത്.

നേരത്തെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍രെ 19 അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ 23 കോടി രൂപ വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Malayalam news

Kerala news in English