കോഴിക്കോട്: മരുന്നു തീര്‍ന്ന വയസന്‍ കുതിര, അതായിരുന്നു ഇയാന്‍ ഹ്യൂമിനെ തിരികെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുമ്പോള്‍ വിമര്‍ശകര്‍ പറഞ്ഞിരുന്നത്. അപ്പോഴും ആരാധകരിലൊരു വിഭാഗം ഹ്യൂമില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഐ.എസ്.എല്‍ ഏതാണ്ട് പകുതിയെത്തിയിട്ടും മഞ്ഞപ്പടയ്ക്ക് ആശ്വസിക്കാന്‍ തക്ക പ്രകടനമോ ഗോളോ ഹ്യൂമില്‍ നിന്നുമുണ്ടായില്ല.

ഒടുവില്‍ എല്ലാ വിമര്‍ശനങ്ങളുടേയും വായടപ്പിച്ചു കൊണ്ട് ഇയാന്‍ ഹ്യൂം വീണ്ടും ഹ്യൂമേട്ടനായി. ഡല്‍ഹി ഡൈനാമോസിനെതിരെ ഹാട്രിക് അടിച്ചു കൊണ്ട് ഹ്യൂമേട്ടന്‍ അങ്ങനൊന്നും മരുന്ന് തീരുന്നവനല്ല താനെന്ന് തെളിയിച്ചു തന്നു. തൊട്ടടുത്ത മത്സരത്തില്‍ മുംബൈയ്‌ക്കെതിരേയും ഗോളടിച്ച് ഹ്യൂമേട്ടന്‍ തിളങ്ങി.

ഫോമില്‍ തിരിച്ചെത്തിയ ഹ്യൂമേട്ടനെ പക്ഷ മഞ്ഞപ്പട സ്വീകരിച്ചത് പക്ഷെ ഹ്യൂമേട്ടന്‍ എന്നു വിളിച്ചല്ല. പ്രിയതാരത്തിന് പുതിയ പേര് സമ്മാനിച്ചു ആരാധകര്‍, ഹ്യൂം പാപ്പന്‍. കമന്ററി ബോക്‌സിലിരുന്ന് ഷൈജു ദാമോദരന്‍ വിളിച്ചു പറഞ്ഞ ആ പേര് സോഷ്യല്‍ മീഡിയയും മഞ്ഞപ്പടയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു.

ഷാജി പാപ്പനെ സ്‌നേഹിച്ചതു പോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ മലയാളികള്‍ ഇന്ന് ഹ്യൂം പാപ്പനെ സ്‌നേഹിക്കുന്നുണ്ട്. തങ്ങള്‍ക്കൊരാളെ ഇഷ്ടമായാല്‍ അവരെ പിന്നെ മലയാളി ആക്കാതെ മലയാളിയ്ക്ക് തൃപ്തിയാകില്ല. അങ്ങനെ ഹ്യൂമേട്ടനെ കൊണ്ടും മലയാളം പറയിപ്പിച്ചിരിക്കുകയാണ് മലയാളികള്‍.

മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹ്യൂമേട്ടന്‍ മലയാളം ഡയലോഗ് പറഞ്ഞത്. ഷാജി പാപ്പന്റെ ഹിറ്റ് ഡയലോഗായ ‘ ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഷാജി പാപ്പന്‍’ ചെറുതായൊന്ന് മാറ്റി ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഹ്യൂമേട്ടന്‍ എന്നാക്കിയാണ് ഹ്യൂം പറഞ്ഞത്.

ഹ്യൂമിന്റെ മാസ് ഡയലോഗ് സോഷ്യല്‍ മീഡിയയും മഞ്ഞപ്പടയും ഏറ്റെടുത്തിരിക്കുകയാണ്.