ബെംഗളൂരു: സുരക്ഷാ ചെലവ് താങ്ങാനാകാത്തതിനാല്‍ കേരളത്തിലേയ്ക്ക് വരുന്നില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് മഅദനിയുടെ തീരുമാനം.

ആഗസ്റ്റ് 1 മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ എസിപി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേയ്ക്കും തിരിച്ചുമുള്ള യാത്രചെലവ് ഉള്‍പ്പടെ വഹിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് ആവശ്യപ്പെടുകയായിരുന്നു.

അര്‍ബുദബാധിതയായ മാതാവിനെ കാണാനും മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനുമായാണ് മഅദനിക്ക് കേരളത്തിലേയ്ക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.

രോഗബാധിതയായ മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാന്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴ് വരെ കേരളത്തില്‍ തങ്ങാന്‍ മഅദനിക്ക് എന്‍ ഐ എ കോടതി സമയം അനുവദിച്ചിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴു മുതല്‍ 14 വരെ സുപ്രീം കോടതിയും അനുമതി നല്‍കി. ഒസുരക്ഷാച്ചെലവ് മുഴുവന്‍ മഅദനി വഹിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ യാത്രയുടെ വിശദവിവരങ്ങളും മഅദനിയുടെ അഭിഭാഷകന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് സമര്‍പ്പിച്ചു.