മുംബൈ: ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സിനിജോസ്. കഴിച്ചത് വിറ്റാമിന്‍ ഗുളികകളാണെന്നും ഇത് പരിശോധനക്ക് വിധയമാക്കണമെന്നും സിനി പറഞ്ഞു. ദേശീയ ഉത്തേജക മരുന്നു പരിശോധന സമിതിക്കുമുമ്പെ ഹാജരായതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സിനി ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനാഫലം വന്നപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 30 നാണ് സിനി ജോസ് ഉള്‍പ്പെടെ മൂന്ന് മലയാളി കായിക താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായത്. ലോങ് ജംപ് താരം ഹരികൃഷ്ണന്‍, റിലേ താരം ടിയാന മേരി തോമസ് എന്നിവരാണ് പിടികൂടിയ മറ്റുള്ളവര്‍.

ബാംഗ്ലൂരില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ ഇവരുടെ മൂത്ര സാംപിള്‍ പരിശോധിച്ചതിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍്ന്ന് പി ടി ഉഷയടക്കമുള്ള പ്രമുഖ മുന്‍ അതലറ്റുകള്‍ സിനി സത്യം തുറന്ന് പറയണമെന്ന വാദവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ സിനി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ 400 മീറ്റര്‍ റിലേ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് സിനി ജോസ്.