എഡിറ്റര്‍
എഡിറ്റര്‍
കൊക്രജാര്‍ സന്ദര്‍ശിച്ച് മടങ്ങവെ രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരാന്‍ പൈലറ്റ് വിസമ്മതിച്ചു
എഡിറ്റര്‍
Wednesday 12th September 2012 1:35pm

ഗുവാഹത്തി: ആസാമിലെ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുപോകാന്‍ പൈലറ്റ് വിസമ്മതിച്ചതായി ആക്ഷേപം. ഇന്നലെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

രാഹുല്‍ ഗാന്ധിയെ കലാപബാധിത പ്രദേശമായ കൊക്രജാറില്‍ എത്തിച്ച എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററിന്റെ പൈലറ്റ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ വിസമ്മതിക്കുകയായിരുന്നു. മോശം കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതാണ് പൈലറ്റിന്റെ തീരുമാനത്തിന് പിന്നില്‍.

Ads By Google

യാത്രയ്ക്ക് ഗുവാഹത്തി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം അനുമതി നല്‍കിയിരുന്നെങ്കിലും വ്യോമസേനയ്ക്ക് മോശം കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. കൊക്രജാറിലെ കാലാവസ്ഥ അനുകൂലമാണെങ്കിലും ഗുവാഹത്തിയിലെ കാലാവധി വിമാനം പറത്താന്‍ അനുയോജ്യമല്ലെന്നായിരുന്നു പൈലറ്റിന്റെ വിശദീകരണം.

റോഡുമാര്‍ഗമാണ് കൊക്രാജാറില്‍ നിന്നും രാഹുല്‍ ഗുവാഹത്തിയിലേക്ക് മടങ്ങിയത്. രാഹുലിന് ഒപ്പമുണ്ടായിരുന്ന ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ട്രെയിനിലാണ് മടങ്ങിയത്.

അതിനിടെ കാലാവസ്ഥാ പ്രശ്‌നം കാരണം രാഹുലിനെ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിച്ച പൈലറ്റിന്റെ നിലപാടിനെ പിന്തുണച്ച് ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷയും യാത്രികനായ വി.ഐ.പിയുടെ സുരക്ഷയുമാണ് വ്യോമസേനയ്ക്ക് പ്രധാനം. അതിനനുകൂലമായ തീരുമാനമാണ് പൈലറ്റ് സ്വീകരിച്ചതെന്നും വ്യോമസേന വ്യക്തമാക്കി.

വൈകുന്നേരം അഞ്ച് മണിക്കാണ് കൊക്രജാറില്‍ നിന്നും ഗുവാഹത്തിയിലേക്ക് രാഹുല്‍ പോകാനൊരുങ്ങിയത്. എന്നാല്‍ ഗുവാഹത്തിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടെന്ന് പൈലറ്റിന് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം യാത്രവേണ്ടെന്ന് വെച്ചതെന്ന് ഐ.എ.എഫ് വക്താവ് ഗെരാഡ് ഗാല്‍വെ പറഞ്ഞു.

Advertisement