എഡിറ്റര്‍
എഡിറ്റര്‍
സച്ചിനുമായി എന്നെ താരതമ്യം ചെയ്യരുത് : കോഹ്‌ലി
എഡിറ്റര്‍
Monday 27th August 2012 3:46pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഒരു പിന്‍ഗാമിയായി വിരാട് കോഹ്‌ലി വരുമെന്നൊരു സംസാരം നിലവിലുണ്ട്, എന്നാല്‍ സച്ചിനെപ്പോലൊരു പ്രതിഭയുമായി തന്നെ ഉപമിക്കാന്‍ പോലും കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കോഹ്‌ലി.

അദ്ദേഹത്തിന്റെ നിഴലായി നില്‍ക്കാനേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂവെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് തനിയ്ക്ക് സമ്മര്‍ദ്ദമാണെന്നുമാണ് കോഹ്‌ലി പറയുന്നത്.

Ads By Google

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കോഹ്‌ലിയുടെ പ്രകടനം വിലയിരുത്തേണ്ടത് തന്നെയാണ്. ആയിരം റണ്‍സ് എന്ന നേട്ടം വളരെക്കുറഞ്ഞ സമയം കൊണ്ട്‌ കൈപ്പിടിയിലൊതുക്കിയ താരമാണ് കോഹ്‌ലി, അതോടൊപ്പം ഏകദിനത്തില്‍ കുറഞ്ഞ മത്സരങ്ങള്‍കൊണ്ട് 3000 റണ്‍സ് എന്ന നേട്ടം കൊയ്യാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഈയൊരു വര്‍ഷത്തിനിടെ  അഞ്ച് സെഞ്ച്വറികളാണ് കോഹ്‌ലി തന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തത്, ഇങ്ങനെയെല്ലാം നോക്കുമ്പോള്‍ താരത്തെ ഭാവിയിലെ സച്ചിനായി കാണുന്നതില്‍ തെറ്റില്ലെന്നാണ് തോന്നുന്നത്.

എന്നാല്‍ സച്ചിന്റെ അഭിപ്രായത്തില്‍ കോഹ്‌ലി തന്റെ നേട്ടങ്ങള്‍ക്കൊപ്പമോ അതിനപ്പുറത്തോ എത്താന്‍ കഴിവുള്ള താരമാണെന്നാണ് പറയുന്നത്.  എന്നാല്‍ അങ്ങനെ കേള്‍ക്കുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം.

‘ചില ആളുകള്‍ എന്നെ സച്ചിനുമായി ഉപമിക്കാറുണ്ട്, എന്നാല്‍ ഞാന്‍ ഒരിക്കലും അത്തരത്തിലൊരു ഉപമ നടത്തിയിട്ടില്ല, അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നെന്ന് പറയുന്നത് എനിയ്ക്ക് സമ്മര്‍ദ്ദമാണ്.

നൂറ് സെഞ്ച്വറികള്‍ തികയ്ക്കുക എന്ന നേട്ടം സച്ചിനല്ലാതെ ആര്‍ക്കും കഴിയില്ല, അതുകൊണ്ട് സച്ചിനെ മറികടക്കണമെന്നോ അദ്ദേഹത്തിന്റെ റെക്കോഡിനൊപ്പമെത്തണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു, ഞാന്‍ ഇപ്പോള്‍ എന്റെ പെര്‍ഫോമന്‍സ് മാത്രമാണ് ശ്രദ്ധിക്കുന്നത്’ – കോഹ്‌ലി പറഞ്ഞു.

Advertisement