എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ സ്വാഗതം ചെയ്യും: അഴഗിരി
എഡിറ്റര്‍
Tuesday 18th March 2014 11:09am

azagiri

ചെന്നൈ: ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ സ്വാഗതം ചെയ്യുമെന്ന് ഡി.എം.കെയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട നേതാവും കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരി.

രാജ്യത്തൊട്ടാകെ ഒരു മോഡി തരംഗമുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയായാല്‍ വ്യക്തിപരമായി താന്‍ സ്വാഗതം ചെയ്യുമെന്നും അഴഗിരി വ്യക്തമാക്കി.

സഹോദരനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ടും അഴഗിരി പ്രസ്താവനകളിറക്കി. പാര്‍ട്ടിയില്‍ ‘ഒരാളോട്’ കൂറുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്.

ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിജയസാധ്യതയെ കുറിച്ച് ഡി.എം.കെയ്ക്ക് ഏറെയൊന്നും പ്രതീക്ഷിക്കനാവില്ല. പാര്‍ട്ടി പ്രസിഡന്റിന് ഇക്കാര്യങ്ങളെല്ലാം അറിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

ഇപ്പോള്‍ എന്റെ പ്രാഥമികമായ ഡ്യൂട്ടി ഡി.എം.കെയേയും പാര്‍ട്ടി നേതാവിനേയും ദുഷ്ടശക്തികളില്‍ നിന്നു സംരക്ഷിക്കലാണ്- അഴഗിരി പറഞ്ഞു.

നേരത്തേ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് അഴഗിരി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങുമായി അഴഗിരി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Advertisement