എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍
എഡിറ്റര്‍
Sunday 5th January 2014 7:03am

kejrival-to-rule

ന്യൂദല്‍ഹി: ദല്‍ഹിക്ക് ശേഷം ആം ആദ്മി ലക്ഷ്യമിടുന്നത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിക്കവേ താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.

ദല്‍ഹിയിലെ വിജയത്തിനു ശേഷം കൂടുതല്‍ ശക്തമായ ആം ആദ്മിയെ വെല്ലുവിളികളുയര്‍ത്തുന്ന പോരാളിയായി ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍ക്കൊള്ളുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രധാന നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാള്‍ മത്സരിക്കില്ലെന്ന തീരുമാനമറിയിച്ചിരിക്കുന്നത്.

താന്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. ദേശീയ രാഷ്ട്രീയം വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒന്നല്ല- കെജ്‌രിവാള്‍ പറഞ്ഞു.

തനിക്ക് വലിയ പ്രാധാന്യമൊന്നുമില്ലെന്നും തന്നെ പോലെ തന്നെ മോഡിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമൊന്നും വലിയ പ്രാധാന്യങ്ങളൊന്നുമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേ സമയം കെജ്‌രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതാണ് തന്റെ സ്വപ്‌നമെന്നും എന്നാല്‍ മോഡിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരായി പ്രധാനമന്ത്രി പദത്തിന് മത്സരിക്കുക എന്ന ഉദ്ദേശം മാത്രമാവുന്നത് നല്ലതല്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയം ബാക്കി നില്‍ക്കേ ഇപ്പോഴേ ഇക്കാര്യം വ്യക്തമാക്കേണ്ടതില്ലെന്നും കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണമാണ് പങ്കുവെച്ചതെന്നുമായിരുന്നു പാര്‍ട്ടി വക്താവ് കുമാര്‍ വിശ്വാസ്് കെജ്‌രിവാളിന്റെ വാക്കുകളോട് പ്രതികരിച്ചത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക രണ്ടാഴ്ചകയ്ക്കകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടിയുടെ നാഷണ്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമായതിന്റെ പിറകേയാണ് കെജ്‌രിവാളിന്റെ പുതിയ പ്രസ്താവന.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയും മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് സൂചന.

ദല്‍ഹിയില്‍ 70ല്‍ 28 സീറ്റ് നേടിയ പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജ്‌റാത്ത്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement