എഡിറ്റര്‍
എഡിറ്റര്‍
സച്ചിനെ ഞാന്‍ ഇനിയും ആരാധിക്കും: സുധീര്‍ ചൗധരി
എഡിറ്റര്‍
Tuesday 19th November 2013 11:14pm

sudheer-chaudhary

ന്യൂദല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും വലിയ ആരാധകന്‍ ആരെന്ന ചോദ്യത്തിന് ഒറ്റയുത്തരമേ ഉണ്ടാകൂ- സുധീര്‍ ചൗധരി.

ഈ മുപ്പത്തിരണ്ടുകാരന്റെ ജീവിതം തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പ്രതിഭയ്ക്ക് വേണ്ടി സമര്‍പ്പിച്ചതാണ് . സച്ചിന്‍ ബാറ്റേന്തി ക്രീസിലിറങ്ങുന്നത് കാണാനായി ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്ന എല്ലാ ഇന്ത്യന്‍ ഗ്രൗണ്ടുകളിലും സുധീറുമെത്തി.

ശരീരം മുഴുവന്‍ ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളണിഞ്ഞ് നെഞ്ചില്‍ ടെണ്ടുല്‍ക്കര്‍ 10 എന്നെഴുതി ഒരു കൈയില്‍ ശംഖും മറു കൈയില്‍  ത്രിവര്‍ണ പതാകയുമായി എല്ലാ ഇന്ത്യന്‍ മത്സരങ്ങളിലും സാന്നിധ്യമറിയിക്കുന്ന സുധീര്‍.

എന്നാല്‍ സച്ചിന്‍ വിരമിച്ചതോടെ താന്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

‘എന്റെ ജീവിതം മുഴുവന്‍ ഞാന്‍ സച്ചിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. ഇനിയും ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഞാനെത്തും. ഒരു മാറ്റമുണ്ടാകും. മിസ് യൂ ടെണ്ടുല്‍ക്കര്‍ എന്നായിരിക്കും എഴുതുക’ സുധീര്‍ പറയുന്നു.

വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തിന് സാക്ഷ്യം വഹിക്കാനായി ഇദ്ദേഹം ഇപ്പോള്‍ കൊച്ചിയിലാണുള്ളത്.

‘എന്റെ അവസാനശ്വാസം വരെ അദ്ദേഹത്തിന്റെ അസാന്നിധ്യം ഗ്രൗണ്ടില്‍ പ്രകടമാകാന്‍ ഞാന്‍ അനുവദിക്കില്ല. ദേശീയപതാകയുടെ നിറങ്ങള്‍ ശരീരത്തിലണിഞ്ഞ് ഇനിയും ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും.’ അദ്ദേഹം വ്യക്തമാക്കുന്നു.

അവസാന ടെസ്റ്റിന് ശേഷം സച്ചിന്‍ ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങുമ്പോള്‍ തനിക്ക് കരച്ചിലടക്കാനായില്ലെന്ന് സുധീര്‍ പറയുന്നു.

‘എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ധാരാളം കരഞ്ഞു. അദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ ഞാന്‍ ഗ്രൗണ്ടിന്റെ ഒരു കോണില്‍ മാറിനിന്ന് കരയുകയായിരുന്നു. അടുത്ത ദിവസം നടത്തുന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാളില്‍ തിരക്കായിരുന്നതിനാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.’ സുദീര്‍ പറഞ്ഞു.

വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ജോഡി സ്‌പോര്‍ട്‌സ് ഷൂസാണ് സച്ചിന്‍ ഇദ്ദേഹത്തിന് സമ്മാനിച്ചത്. ‘ കൊച്ചിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ഞാന്‍ സച്ചിനെ കാണും. എനിക്ക് അദ്ദേഹം ജീവിച്ചിരിക്കുന്ന ദൈവമാണ്.’ സുധീര്‍ കൂട്ടിച്ചേര്‍ത്തു.

2011-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം സച്ചിന്‍ ഇദ്ദേഹത്തെ ഡ്രസിങ് റൂമിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ട്രോഫിയുമായി ഇരുവരും നില്‍ക്കുന്ന ചിത്രം സുധീറിനെ ഏറെ പ്രശസ്തനാക്കി.

‘ആ നിമിഷം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ ജീവിതകാലം മുഴുവനുമുള്ള ഓര്‍മ്മയാണ് സച്ചിന്‍ അന്ന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്നിരുന്നാലും അത്തരമൊരു അവസരം തന്നത് അദ്ദേഹത്തിന്റെ കാരുണ്യമാണ്. അദ്ദേഹം വലിയൊരു ക്രിക്കറ്റ് താരം മാത്രമല്ല, മഹാനായൊരു മനുഷ്യന്‍ കൂടിയാണ്.’

200-ാമത്തെ വിടവാങ്ങല്‍ ടെസ്റ്റിന് ശേഷം സമ്മാനദാനം നടക്കുന്നതിന് മുമ്പ് തന്നെ സുധീര്‍ ഗ്രൗണ്ടിലെത്തിയെന്ന് സച്ചിന്‍ ഉറപ്പ് വരുത്തിയിരുന്നു.

‘ ക്രിക്കറ്റ് സച്ചിന് ഓക്‌സിജന്‍ പോലെയാണ്. മറ്റേതെങ്കിലുമൊരു റോളില്‍ ഈ കളിയിലേയ്ക്ക് തന്നെ അദ്ദേഹം തിരികെയെത്തുമെന്ന് എനിക്കുറപ്പാണ്. ആ ദിവസത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.’ സുധീര്‍ പ്രതീക്ഷയോടെ പറയുന്നു.

Advertisement