ന്യൂയോര്‍ക്ക്: ഈജിപ്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തന്നെ നശിപ്പിച്ചിട്ടില്ലെന്നും താന്‍ ആഴ്ചകള്‍ക്കുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നും ലാറ ലോഗന്‍ പറഞ്ഞു. ഈജിപ്തില്‍ ഹോസ്‌നി മുബാറക്ക് ഭരണമൊഴിഞ്ഞതിന്റെ ആഘോഷ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ലാറ മാനഭംഗത്തിനിരയായത്.

ഈജിപ്തില്‍ നിന്നും ലാറക്ക് നേരിടേണ്ടി വന്നത് പേടിപ്പെടുത്തുന്ന അനുഭവമാണ്. എന്നാല്‍ ലാറ വളരെ ശക്തയായ സ്ത്രീയാണ്. അവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരികെ ജോലിക്ക് പ്രവേശിക്കുമെന്ന് ലാറയുടെ സുഹൃത്ത് അറിയിച്ചു.

ഫെബ്രുവരി 11നാണ് സംഭവം നടന്നത്. ജോലിയുടെ ഭാഗമായി തഹ്രീര്‍ ചത്വരത്തിലെത്തിയ ലാറയെ ഒരു കൂട്ടം ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരും സ്ത്രീകളുമെത്തിയാണ് ലാറയെ ജനക്കൂട്ടത്തിനിടെ നിന്ന് രക്ഷിച്ചത്.

സി.ബി.എസ് ചാനലിന്റെ വിദേശ ലേഖികയണ് ലാറ. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ലേഖികയെ അലക്‌സാന്‍ഡ്രിയയില്‍ സൈനികര്‍ തടഞ്ഞുവച്ചതും തോക്കു ചൂണ്ടി നടത്തിച്ചതും വാര്‍ത്തയായിരുന്നു. ഈജിപ്ത് സംഭവത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും മാധ്യമസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.