എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നു; നടപടി അപൂര്‍ണ്ണമെന്നും വി.എസ്
എഡിറ്റര്‍
Friday 7th March 2014 11:21am

vsclosedarms

തിരുവനന്തപുരം:ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുദാനന്ദന്‍. ഞങ്ങളുടെ പാര്‍ട്ടിക്കുള്ള ആര്‍ജവം വേറെ പാര്‍ട്ടിക്കില്ലെന്നും വി.എസ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിനടപടി അപൂര്‍ണ്ണമാണെന്ന് പറഞ്ഞ് അല്‍പസമയത്തിനകം തിരുത്തുമായി വി.എസ് രംഗത്തെത്തി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പാര്‍ട്ടിനടപടി അപൂര്‍ണ്ണമാണെന്ന് വി.എസ് പറഞ്ഞത്.

മാധ്യമങ്ങള്‍ക്കയച്ച പത്രക്കുറിപ്പിലൂടെയാണ് അന്വേഷണ റിപ്പോര്‍ട്ടിനോടുള്ള നിലപാട് വ്യക്തമാക്കിയത്. വ്യക്തി വൈരാഗ്യമാണ് കാരണമെന്നത് അന്വേഷണ കമ്മീഷന്റെ നിഗമനം മാത്രമാണെന്നും സംശയം ദുരീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിതലത്തില്‍ ഇനിയും അന്വേഷണമാകാമെന്നും വി.എസ് പറഞ്ഞു.

ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും നടപ്പിലാക്കാന്‍ കഴിയാത്ത നടപടിയാണ് കെ.സി രാമചന്ദ്രനെ പുറത്താക്കിയതിലൂടെ സി.പി.ഐ.എം എടുത്തിരിക്കുന്നത്. നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും വി.എസ് വെല്ലുവിളിച്ചു. അത്തരക്കാര്‍ക്ക് ഈ നടപടി മാതൃകയാവട്ടെയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

‘ടി.പി വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ടിയില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന പാര്‍ടി നടപ്പിലാക്കിയിരിക്കുകയാണ്.

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുപോലെ ഒരു അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം പോലും മരവിപ്പിച്ചവര്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയുടെ ഈ തീരുമാനം മാതൃകയാവട്ടെ.

തൃശൂരില്‍ ഗ്രൂപ്പുവഴക്കിന്റെ പേരില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ സുധീരനെ വെല്ലുവിളിക്കുന്നു.

രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങളുടെ നെഞ്ചിലെ അണയാത്ത തീയാണ് ബാബരിമസ്ജിദ്. ഇതിനുത്തരവാദികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ ധൈര്യമില്ല’ വാര്‍ത്താ കുറിപ്പില്‍ വി.എസ് പറയുന്നു.

ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ 2002-ലെ ഗുജറാത്ത് വംശഹത്യക്കേസില്‍ ഒന്നാംപ്രതിയായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഗുജറാത്ത് മോഡല്‍ പറഞ്ഞ് കോപ്പുകൂട്ടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വി.എസ് പറയുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് വി.എസിന് സ്വാഗതം ചെയ്യാന്‍ കഴിയില്ലെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ പറഞ്ഞു. വി.എസ്. അവസരവാദം കളിക്കുകയാണെന്നം അവര്‍ പറഞ്ഞു.

നടപടിയില്‍ വി.എസ് എങ്ങനെ തൃപ്തനായെന്ന് അറിയില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.

Advertisement