അഹമ്മദാബാദ്: താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൂനം മഹാജന്‍. അഹമ്മദാബാദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി എം.പിയായ പൂനം ഇന്ത്യയിലെ മറ്റ് സ്ത്രീകളെപ്പോലെ താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

‘വെറസോവയില്‍ നിന്നും വര്‍ളിവരെ ട്രെയിനില്‍ സഞ്ചരിച്ചായിരുന്നു ഞാന്‍ ക്ലാസില്‍ പോയിരുന്നത്. അന്ന് കാറില്‍ യാത്ര ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നു. അപ്പോള്‍ വൃത്തികെട്ട കണ്ണോടെ എന്നെ നോക്കുന്നത് കണ്ട് ദു:ഖിച്ചിരിക്കാന്‍ എനിക്ക് തോന്നിയില്ല. ഭൂമിയിലെ എല്ലാ സ്ത്രീകളും പ്രത്യേകിച്ചും ഇന്ത്യയിലെ, ഇത് അനുഭവിച്ചിട്ടുണ്ട്. ‘ പൂനം പറയുന്നു.

ബ്രേക്കിംഗ് ദ ഗ്ലാസ് സീലിംഗ് എന്ന ടോപ്പിക്കില്‍ സംസാരിക്കുകയായിരുന്നു പൂനം. ഇന്ത്യയിലെ എല്ലാ സ്ത്രീകളും തങ്ങളെ കുറിച്ചുള്ള അശ്ശീല കമന്റുകള്‍ കേട്ടവരും ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കപ്പെട്ടവരുമാണെന്നും പൂനം പറഞ്ഞു.


Also Read:  ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു


സ്ത്രീകള്‍ക്ക് കരുത്തു വേണമെന്നും പലപ്പോഴും അവരത് കാണിച്ചു തന്നതാണെന്നും പൂനം പറയുന്നു. പലപ്പോഴും സ്ത്രീകളെ ദേവതകളോടാണ് താരതമ്യം ചെയ്യുന്നത്. പല കാര്യങ്ങളിലും നമ്മള്‍ അമേരിക്കയേക്കാള്‍ മുന്നിലാണെന്നും പറഞ്ഞ പൂനം അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഇല്ലായെന്നും ഇന്ത്യയില്‍ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, മുഖ്യമന്ത്രി, രാഷ്ട്രപതിയെന്നീ നിലകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചിരുന്നവെന്നും ചൂണ്ടിക്കാണിച്ചു.

അതേസമയം, ഹിന്ദി സീരിയലുകള്‍ ഇന്ത്യന്‍ സ്ത്രീയുടെ ഇമേജിനെ തകര്‍ത്തെന്നും പൂനം അഭിപ്രായപ്പെട്ടു.