എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിനെതിരെ ജയിക്കാമെന്ന് വിശ്വാസമുണ്ട്: ധോണി
എഡിറ്റര്‍
Thursday 1st November 2012 12:25pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിലെ നിലവിലെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഏകദിനത്തിലും ടെസ്റ്റ് മത്സരത്തിലും ഒരുപോലെ മികവ് തെളിയിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ടെന്നും ധോണി പറഞ്ഞു.

യുവരാജിന്റെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

Ads By Google

യുവരാജിന്റെ ഫിറ്റ്‌നെസ് അളക്കുന്ന ഏറ്റവും വലിയ ജഡ്ജ് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ നിലവിലെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്-ധോണി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറിന്റെ അഭിപ്രായത്തോട്ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ കുറേ നാളായി വന്ന മാറ്റങ്ങള്‍ ആദ്യം പരിഗണിക്കണം. രാഹുല്‍ ദ്രാവിഡ്,വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങി കഴിവുള്ള ചിലര്‍ ടീമിനോട് വിടപറഞ്ഞ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. സ്വാഭാവികമായും ആ വിടവുകള്‍ നികത്താന്‍ ടീമിന് സമയം വേണ്ടി വരും. പതുക്കെ പതുക്കെ ടീം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുകയാണ്. ടീമിന്റെ കഴിവില്‍ മറ്റാരേക്കാളും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നന്നായി ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്.

ഏകദിനവും ടെസ്റ്റ് മത്സരവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. 50 ഓവറില്‍ അവസാനിക്കുന്ന ഒരു കളിയില്‍ മത്സരിക്കുന്നത് പോലെയല്ല രണ്ടോ അതിലധികമോ ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരം – ധോണി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരം ടീമിനെ സംബന്ധിച്ച് കഴിവ് തെളിയിക്കാനുള്ള അവസരമാണെന്നും മികച്ച രീതിയില്‍ ടീമിന് കളിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ധോണി പറഞ്ഞു.

Advertisement