സേലം: ഹാദിയയെ സേലത്തെത്തിച്ചു. ഹോമിയോ കോളേജിലെ തുടര്‍ പഠനത്തിന് തനിക്ക് മുഴുവന്‍ സമയ സുരക്ഷ വേണ്ടെന്ന് ഹാദിയ പറഞ്ഞു. അതേസമയം, തല്‍ക്കാലത്തേക്ക് സുരക്ഷ ഒഴിവാക്കാന്‍ കഴിയില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

ഷെഫിനെ കാണണമെന്നും അതിനായി ഒരു ദിവസം അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചതായും ഹാദിയ പറഞ്ഞു. സേലത്ത് കോളേജില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹാദിയ.

നേരത്തെ ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണുന്നത് തടയുമെന്നും അതിനായി നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും അശോകന്‍ പറഞ്ഞു.

കോടതി മകളെ പഠനം തുടരാന്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അശോകന്‍ തന്റെ വീട്ടിലൊരു തീവ്രവാദി വേണ്ടെന്നും പറഞ്ഞു. ഇസ് ലാമിലേക്ക് മതം മാറിയതിന് ശേഷം സിറിയയിലേക്ക് പോകണമെന്ന് പറഞ്ഞ ഹാദിയയ്ക്ക് സിറിയയെ കുറിച്ച് ഒന്നുമറിയില്ലെന്നും അശോകന്‍ പറഞ്ഞു.

സേലത്തെ കോളേജിലെത്തുന്ന ഹാദിയക്ക് പതിനഞ്ചംഗ പൊലീസ് സംഘം സുരക്ഷയൊരുക്കും. ഹോസ്റ്റലിലും കോളേജിലും മുഴുവന്‍ സമയവും പൊലീസിന്റെ സുരക്ഷയുണ്ടാകുമെന്നും തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുബ്ബലക്ഷ്മി അറിയിച്ചു.