ന്യൂദല്‍ഹി: മൗറീഷ്യസില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക് (എഫ്.ഡി.ഐ) നികുതിവകുപ്പ് കടുത്ത നിരീക്ഷണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്നും പുറത്തെത്തുന്ന കള്ളപ്പണം മൗറീഷ്യസിലെത്തുകയും ഈ പണമാണ് തിരിച്ച് ഇന്ത്യയില്‍ നിക്ഷേപിക്കുന്നതെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

മൗറീഷ്യസില്‍ നിന്നുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്കു മേല്‍ കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തുന്നതെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്തെത്തുന്ന ഇത്തരം നിക്ഷേപങ്ങളില്‍ 40 ശതമാനവും മൗറീഷ്യസില്‍ നിന്നാണ് വരുന്നത്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകുന്ന കള്ളപ്പണം മൗറീഷ്യസിലാണ് എത്തുന്നതെന്ന് വിവരം ലഭിച്ചിരുന്നു. ഈ പണമാണ് വിദേശനിക്ഷേപമായി തിരിച്ച് ഇന്ത്യയിലെത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തില്‍ തെളിഞ്ഞു.

വിദേശനിക്ഷേപത്തിന്റെ നിയന്ത്രണത്തിനായി നികുതിവകുപ്പ് മൗറീഷ്യസില്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും മൗറീഷ്യസും തമ്മില്‍ നികുതികരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് സെക്യൂരിറ്റീസ് വില്‍പ്പനയിലൂടെ ഇന്ത്യയില്‍ നിന്നുമുള്ള മൂലധനലാഭത്തിന് മൗറീഷ്യസില്‍ മാത്രമേ നികുതി ചുമത്താനാകൂ.

അതിനിടെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനായി മൗറീഷ്യസും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. നിക്ഷേപവ്യാപാരത്തിന്റെ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കാന്‍ മൗറീഷ്യസ് അധികൃതര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.