ഐ.പി.എല്ലില്‍ ശ്രീശാന്തിന്റെ ഓവറില്‍ വാതുവെപ്പുകാരന്‍ നേടിയത് രണ്ടര കോടി
India
ഐ.പി.എല്ലില്‍ ശ്രീശാന്തിന്റെ ഓവറില്‍ വാതുവെപ്പുകാരന്‍ നേടിയത് രണ്ടര കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 9:14 am

[] ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരത്തില്‍ ശ്രീശാന്തിന്റെ ഒരു ഓവറില്‍ വാതുവെപ്പുകാരന്‍ നേടിയത് രണ്ടരക്കോടി രൂപയെന്ന് പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചു.

ചന്ദ്രേഷ്‌കുമാര്‍ എന്നയാളാണ് രണ്ടരക്കോടി രൂപ വാതുവെച്ച് നേടിയത്. മെയ് 9 ന് മൊഹാലിയില്‍ പഞ്ചാബുമായുള്ള മത്സരത്തിലാണ് ഇയാള്‍ രണ്ടരക്കോടി രൂപ വാതുവെച്ച് നേടിയത്. []

പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം ശ്രീശാന്തിനൊപ്പം പിടികൂടിയ പെണ്‍കുട്ടികള്‍ ബാംഗളൂര്‍ സ്വദേശികളാണെന്ന് മുംബൈ പോലീസ്. അറസ്റ്റിലാകുമ്പോള്‍ മറാഠി നടിയാണ് ഒപ്പമുണ്ടായിരുന്നതെന്നായിരുന്നു അഭ്യൂഹം.

ബാംഗളൂര്‍ റിച്ചാര്‍ഡ്‌സ് ടൗണ്‍ സ്വദേശിയാണ് പെണ്‍കുട്ടികളിലൊരാള്‍. റിച്ച്മണ്ട് ടൗണില്‍നിന്നുള്ള സുന്ദരിയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടി.
ഇത്തരം പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് ക്രിക്കറ്റ് താരങ്ങളെ വ്യാപകമായി വീഴ്ത്തുന്നതെന്നും സൂചനയുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ വിദഗ്ധരെ ഉപയോഗിച്ചാണ് ഇത്തരക്കാരെ കണ്ടെത്തുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കാം എന്ന വാഗ്ദാനത്തിലാണ് ഈ പെണ്‍കുട്ടികളില്‍ പലരും വീഴുക.

ഇവര്‍ക്ക് ചിലപ്പോള്‍ പണം പോലും നല്‍കാറില്ല. എന്നാല്‍ മുന്തിയ ഹോട്ടലുകളില്‍ റൂമും ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പബിലും മറ്റും പോകുന്നതിനുള്ള സൗകര്യങ്ങളും താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവസരവും ബുക്കികള്‍ ഒരുക്കി നല്‍കും.

അതേസമയം ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഇന്ന് സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.

അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. തന്റെ കക്ഷിക്കെതിരെ തെളിവില്ലെന്ന് അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.

അതേസമയം, കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീശാന്ത്, അജിത് ചാണ്ടില അങ്കിത് ചവാന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡ് കാലാവധി നീട്ടണമെന്നായിരിക്കും ദല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെടുക.

കേസന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിക്കുന്നത് തുടര്‍ നടപടികളെ ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കും.