അഭിനയിച്ച ഒറ്റചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെയും മികച്ച നടിയെന്നുമുള്ള പേര് സ്വന്തമാക്കിയ ആളാണ് റോക്ക് സ്റ്റാര്‍ നായിക നര്‍ഗീസ് ഫക്രി. നര്‍ഗീസിന്റെ അഭിനയം കണ്ട് ആദ്യ നായകന്‍ റണ്‍ബീര്‍ കപൂര്‍ വരെ നര്‍ഗീസിന്റെ ആരാധകനായി മാറിയത് മറ്റൊരു കാര്യം.

Ads By Google

പക്ഷേ, കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അതിന്റെ അഹങ്കാരമൊന്നും നര്‍ഗീസിനില്ല. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായെങ്കിലും അതിന് ശേഷം വാരിവലിച്ച് സിനിമയില്‍ അഭിനയിച്ച് ഉള്ള പേര് കളയാനും ഈ മുപ്പത്തിരണ്ട്കാരി തയ്യാറായിരുന്നില്ല.

ഒരു സിനിമാ നടിയാവാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നാണ് നര്‍ഗീസ് പറയുന്നത്. എന്നാല്‍ റോക്ക് സ്റ്റാറിന്റെ കഥ കേട്ടപ്പോള്‍ ഇത് തനിക്ക് തന്നെ ചെയ്യണമെന്ന് തോന്നിയതാണെന്നും അതിനാല്‍ തന്നെ അഭിനയം അവിചാരിതമായി തന്റെ ജീവിതത്തില്‍ വന്നതാണെന്നുമാണ് നര്‍ഗീസ് പറയുന്നു.

‘ദൈവത്തിന്റെ അനുഗ്രഹം എനിക്ക് എല്ലായ്‌പ്പോഴും ഉണ്ട്, ജീവിത്തതിന്റെ പല ഘട്ടങ്ങളില്‍ പലരൂപത്തില്‍ ദൈവം എനിക്ക് സര്‍പ്രൈസ് നല്‍കുന്നുണ്ട്.’ നര്‍ഗീസ് പറയുന്നു.

റോക്ക് സ്റ്റാര്‍ പോലെ മനസ്സിനെ മോഹിപ്പിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും നര്‍ഗീസ് പറയുന്നു.

റോക്ക് സ്റ്റാറിലെ നായികയെ പോലെ സാഹസികത ഇഷ്ടപ്പെടുന്ന നര്‍ഗീസ് ഇപ്പോള്‍ കിക്ക് ബോക്‌സിങ് പരിശീലനത്തിലാണ്. ഇത് കൂടാതെ പര്‍വതാരോഹണത്തിനായി തയ്യാറെടുക്കുകയാണ് നര്‍ഗീസ്.