എഡിറ്റര്‍
എഡിറ്റര്‍
എന്റെ തെറ്റുകള്‍ എന്റേത് മാത്രം : അമീഷ പട്ടേല്‍
എഡിറ്റര്‍
Saturday 2nd February 2013 1:40pm

വിവാഹശേഷമോ മറ്റോ സിനിമയില്‍ നിന്നും വിട്ടുപോയവരാണ് സാധാരണ തിരിച്ച് വരവ് നടത്താറുള്ളത്. എന്നാല്‍ തന്റേത് ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണെന്ന് ആരും പറയരുതെന്നാണ് അമീഷ പട്ടേല്‍ പറയുന്നത്. ഞാന്‍ സിനിമയില്‍ നിന്നും എങ്ങോട്ടും പോയിട്ടില്ല. പിന്നെ എങ്ങനെ എന്റേത് തിരിച്ചുവരവാകുമെന്നും അമീഷ പട്ടേല്‍ ചോദിക്കുന്നു.

Ads By Google

‘റേസ് 2 എന്ന ചിത്രം ഒരിക്കലും എന്റെ മടങ്ങിവരവായിരുന്നില്ല. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. 2011 ല്‍ അഭിനയിച്ച ചൗതാര്‍ സിങ് 2 സ്റ്റാര്‍ എന്ന ചിത്രമാണ് അവസാനമായി ഞാന്‍ അഭിനയിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും സിനിമ ശരിയായില്ല. അതുകൊണ്ട് തന്നെ അത് റിലീസിങ്ങിന് എത്തുകയോ ആളുകള്‍ അറിയുകയോ ചെയ്തില്ല’ – അമീഷ പറയുന്നു.

2000ല്‍ പുറത്തിറങ്ങിയ കഹോന പ്യാര്‍ ഹെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് അമീഷ പട്ടേല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നായകനായ ഹൃത്വിക് റോഷന്റേയും ആദ്യചിത്രമായിരുന്നു അത്. ചിത്രത്തിലെ അമീഷയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. എന്നാല്‍ പിന്നീടങ്ങോട്ടുള്ള അമീഷ ചിത്രങ്ങളില്‍ പലതും വേണ്ടത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല.

ബോളിവുഡില്‍ പൊളിറ്റിക്‌സ് ഉണ്ടെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അമീഷ പറയുന്നു. ‘ഞാന്‍ തികച്ചും പോസിറ്റീവായി ചിന്തിക്കുന്ന ആളാണ്. ഞാന്‍ ഒരു സിനിമാ കുടുംബത്തില്‍ നിന്നും വന്ന ആളല്ല. ബോളിവുഡില്‍ അംഗീകരിക്കാനാത്ത ചില പൊളിറ്റിക്‌സ് ഉണ്ട്. അതിന്റെ ഒന്നും ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജീവിക്കാനാണ് ആഗ്രഹിച്ചത്. ഒരിക്കലും മറ്റൊരാളെ ജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിട്ടില്ല’- അമീഷ പറയുന്നു.

നായിക എന്നതിലുപരി നിര്‍മ്മാണത്തിലേക്കും താരം ചുവടുവെച്ചിരുന്നു. അമീഷ പട്ടേല്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ രണ്ട് ചിത്രം ബോളിവുഡില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് എന്നത് നിസാര ജോലിയല്ലെന്നാണ് താരം പറയുന്നത്.

‘ഒരു അഭിനേതാവാണെങ്കില്‍ പ്രതിഫലം വാങ്ങുകയും അതിന് ശേഷം സിനിമയില്‍ അഭിനയിച്ച് നിസാരമായി പോവുകയും ചെയ്യാം. എന്നാല്‍ സിനിമയുടെ എല്ലാ ചുമതലയും കിടക്കുന്നത് നിര്‍മാതാവിന്റെ തലയിലാണ്. സിനിമ വിജയമായാലും പരാജയമായാലും അത് ബാധിക്കുക നിര്‍മ്മാതാവിനാണ്.

പിന്നെ സിനിമയില്‍ എനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് എന്റെ മാത്രം തെറ്റാണ്. അതുപോലെ എന്റെ പരാജയങ്ങള്‍ എന്റേത് മാത്രമാണ്. സിനിമയ്ക്കായ് ഞാന്‍ ചെയ്തതിനെല്ലാം എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ’- അമീഷ പറയുന്നു

Advertisement