കണ്ണൂര്‍: ഇടതുമുന്നണിയില്‍ ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കുന്ന കാര്യം മുന്നണി നേതൃത്വം തത്വത്തില്‍ അംഗീകരിച്ചതായി സൂചന. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ മറ്റ് പാര്‍ട്ടികളുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കാനുള്ള തീരുമാനം ഉയര്‍ന്നത്.

Ads By Google

വരും ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അറിയുന്നു. തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫുമായി സഹകരിച്ചുപോന്ന ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കുന്നത് മുന്നണിക്ക് ഗുണകരമാകുമെന്ന അഭിപ്രായം ഘടകകക്ഷികളില്‍ നിന്നും ഉയര്‍ന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുന്നണി പ്രവേശം എളുപ്പം സാധ്യമാക്കുന്നത് സംബന്ധിച്ച ധാരണയുണ്ടായത്.

ഇതേ തുടര്‍ന്ന് എല്‍.ഡി.എഫുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ഐ.എന്‍.എല്ലിനെ പങ്കെടുപ്പിക്കാനും തത്വത്തില്‍ തീരുമാനമായിക്കഴിഞ്ഞു.

20 വര്‍ഷത്തിനിടെയില്‍ ഒരു തവണയല്ലാതെ എല്ലാ ഇലക്ഷനുകളിലും ഐ.എന്‍.എല്‍ ഇടതുമുന്നണിയെ പിന്തുണച്ചിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്നണിപ്രവേശത്തിന്റെ അവസാനഘട്ട ചര്‍ച്ച ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്.

ഇടതുമുന്നണിയുടെ സംസ്ഥാനജില്ലാപ്രാദേശിക യോഗങ്ങളില്‍ ഐ.എന്‍.എല്ലിനെ ഉള്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പലതവണ ഐ.എന്‍.എല്‍ മുന്നണി പ്രവേശത്തിന് ശ്രമിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല.

ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി പകരം മുസ്‌ലിം കൂട്ടായ്മയുടെ ഒരു വേദി ഉണ്ടാക്കി ന്യൂനപക്ഷ വിഭാഗത്തെ സി.പി.ഐ.എമ്മിലേക്കടുപ്പിക്കാന്‍ പാര്‍ട്ടിക്കകത്ത് നേരത്തെ ശ്രമം നടന്നിരുന്നു. കെ.ടി ജലീലിന്റെ നേതൃത്വത്തിലായിരുന്നു ഈ ശ്രമം. എന്നാല്‍ ഇത് വിജയിച്ചില്ല.

1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതൃത്വവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് ലീഗിന്റെ പിളര്‍പ്പിലേക്കും ഐ.എന്‍.എല്ലിന്റെ രൂപവത്കരണത്തിലേക്കും നയിച്ചത്. 1993 സെപ്തംബര്‍ 23ന് ഇബ്‌റാഹിം സുലൈമാന്‍ സേഠ് പാര്‍ട്ടിയുടെ നിലപാടുകളില്‍ അതൃപ്തിയുള്ളവരെ സംഘടിപ്പിച്ച് ഖായിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപവത്കരിച്ച് ലീഗില്‍ നിന്നും മാറിനിന്നു പ്രവര്‍ത്തിച്ചു പോന്നിരുന്നു.

1994 ഏപ്രില്‍ 23ന് കള്‍ച്ചറല്‍ ഫോറത്തെ ഇന്ത്യന്‍ നാഷനല്‍ ലീഗെന്ന പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. അന്നു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷവുമായി ചേര്‍ന്നാണ് ഐ എന്‍ എല്‍ പ്രവര്‍ത്തിച്ചത്. ഇതിനിടെ പി.എം.എ സലാമിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്ലിനെ യു ഡി എഫ് പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു.

എസ് എ പുതിയവളപ്പില്‍, അഹമ്മദ് തേവര്‍ കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ എന്‍ എല്ലിന്റെ അകത്തും എന്‍.കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് പുറത്തും ശക്തമായ പ്രതിരോധം തീര്‍ത്തു.

ഇവരുടെ കൂറ് തങ്ങളോടു തന്നെയായിരിക്കുമെന്നും ഇതോടെ ഇടതുപക്ഷത്തിനു ബോധ്യപ്പെട്ടത് മുന്നണി പ്രവേശത്തിലേക്കുള്ള വഴി സുഗമമാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫില്‍ സ്ഥാനം ലഭിക്കുന്നതോടെ കൂടുതല്‍ അണികളെ ഒപ്പം നിര്‍ത്താനാകുമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.