എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡില്‍ തനിക്കൊന്നും തെളിയിക്കാനില്ലെന്ന് മോഹന്‍ലാല്‍
എഡിറ്റര്‍
Wednesday 18th April 2012 11:50am

മുംബൈ: തെന്നിന്ത്യയിലെ യുവതാരങ്ങളെല്ലാം ബോളിവുഡ് മോഹം മനസില്‍ സൂക്ഷിക്കുന്നവരാണ്. എന്നാല്‍ മോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ബോളിവുഡില്‍ വലിയ മോഹങ്ങളില്ലെന്നാണ് പറയുന്നത്. ഹിന്ദി സിനിമയുടെ വ്യാപ്തി വലുതാണെങ്കിലും ഒരു നടനെന്ന നിലയില്‍ തനിക്ക് ബോളിവുഡില്‍ ഒന്നും തെളിയിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

‘ 33 വര്‍ഷമായി ഞാന്‍ സിനിമാലോകത്തുണ്ട്. ഹിന്ദി സിനിമയിലെത്തി ഇനി എന്താണ് എനിക്ക് തെളിയിക്കാനുള്ളത്. എന്റെ സ്വന്തം ഭാഷയില്‍ ലഭിച്ച വേഷങ്ങളില്‍ തന്നെ ഞാന്‍ സംതൃപ്തനാണ്. വളരെ നല്ല വേഷം ലഭിക്കുകയാണെങ്കില്‍ മാത്രമേ ഞാന്‍ ഇനി ബോളിവുഡ് ചിത്രം ചെയ്യൂ. എനിക്കിനി ഒന്നും തെളിയിക്കാനില്ല’ മോഹന്‍ലാല്‍ പറഞ്ഞു.

‘ തെന്നിന്ത്യയില്‍ നിന്ന് വരുന്ന, പുതുമുഖങ്ങളായ നിരവധി പേര്‍ ഹിന്ദി സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നു. ഹിന്ദി ചിത്രങ്ങളുടെ റീച്ച് വളരെ വലുതാണെന്നതാണ് അവരെ ആകര്‍ഷിക്കുന്ന ഘടകം. അത്തരത്തിലുള്ള ഒരുപാട് നടന്മാരുണ്ട്. എന്നപ്പോലുള്ള നടന്‍മാര്‍ക്ക് ഇത് തന്നെ ധാരാളമാണ്’ ലാല്‍ വ്യക്തമാക്കി.

2002ല്‍ കമ്പനിയെന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതായിരുന്നു ലാലിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. പിന്നീട് രാം ഗോപാല്‍വര്‍മ്മയുടെ ആഗ് എന്ന ചിത്രത്തിലെ നരസിംഹം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. പ്രിയദര്‍ശന്റെ തേസാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം. ഏപ്രില്‍ 27നാണ് തേസ് റിലീസ് ചെയ്യുന്നത്.

‘ വീണ്ടും ഞാനൊരു പോലീസ് ഓഫീസറുടെ വേഷത്തിലെത്തുകയാണ്, തേസില്‍. ഇത് ചെറിയൊരു റോളാണ്. പക്ഷെ ഈ ചിത്രത്തില്‍ ആ റോളിന്റെ സാന്നിധ്യം നിര്‍ണായകമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഘട്ടങ്ങളില്‍ പങ്കെടുത്തയാളെന്ന നിലയില്‍ പ്രിയന്റെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്ന് എനിക്ക് പറയാനാവും. ഇതിലെ സംഘട്ടന രംഗങ്ങള്‍ വളരെ മികച്ചതാണ്. അജയ് ദേവഗണുമൊത്തുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്.’ തേസിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു.

1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ കാരണം ആ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 20 വയസില്‍ മോഹന്‍ലാല്‍ സിനിമയിലെത്തി.

പിന്നീട് മുന്‍നിര നായകനായെത്തുന്നതിന് മുമ്പ് നിരവധി ചെറുവേഷങ്ങള്‍ മോഹന്‍ലാല്‍ ചെയ്തു. 1986ല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറായി അറിയപ്പെട്ടു തുടങ്ങിയത്.

Advertisement