Categories

തനിക്ക് വലിയ വീട് വേണ്ട: അരവിന്ദ് കെജ്‌രിവാള്‍

kejrival's-home

ന്യൂദല്‍ഹി: തനിക്ക് വലിയ വീട് വേണ്ടെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍.

താമസത്തിനായി ആഡംബര ഫഌറ്റ് തിരഞ്ഞെടുത്തുവെന്ന് ആരോപണം ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ തന്റെ തീരുമാനമറിയിച്ചത്.

തനിക്ക് വലിയ വീട് വേണ്ടെന്നും താന്‍ ചെറിയ വീട് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീട് കിട്ടുന്നതു വരെ താന്‍ ഇപ്പോള്‍ താമസിക്കുന്ന ഗാസിയാബാദില്‍ തന്നെ തുടരുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

വി.ഐ.പി സംസ്‌കാരത്തെ എതിര്‍ത്തിരുന്ന കെജ്‌രിവാള്‍ താമസത്തിനായി വലിയ ബംഗ്ലാവ് തിരഞ്ഞെടുത്തു എന്നായിരുന്നു നേരത്തേ ഉയര്‍ന്ന ആരോപണം.

ദല്‍ഹിയില്‍ സുപ്രീം കേടതിയുടെ അടുത്തായി ഭഗവാന്‍ദാസ് റോഡിലാണ് കെജ്‌രിവാളിനായി സര്‍ക്കാര്‍ നല്‍കിയിരുന്ന ബംഗ്ലാവ്.

9,000 ചതുരശ്ര അടിയില്‍ രണ്ട് വീടുകള്‍ ചേര്‍ന്നതാണ് ഇത്. ഒരു വീട് ഓഫീസായും മറ്റേത് വസതിയായും ഉപയോഗിക്കാനായാണ് സൗകര്യം ചെയ്തിരുന്നത്.

അതേ സമയം ആം ആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനുമെതിരെ എന്തെങ്കിലും കാരണം ഉന്നയിക്കാന്‍ കാത്തിരുന്ന ബി.ജെ.പിയുടെ നുണപ്രചരണമാണ് ഇതെന്നും കെജ്‌രിവാളിന്റെ പുതിയ വീട് ബംഗ്ലാവിന് സമാനമായതല്ലെന്നുമുള്ള എതിര്‍ വാദവും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി താമസിച്ചിരുന്ന ബംഗ്ലാവ് കെജ്‌രിവാള്‍ നേരത്തേ വേണ്ടെന്നു വച്ചിരുന്നു. എന്നാല്‍ പുതിയ വീടിന് അതിന്റെ ഇരട്ടി സൗകര്യമുണ്ടെന്നാണ് ആരോപണം.

താന്‍ നേരത്തേ നാലു മുറികളുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചു മുറികളുള്ള വീട്ടിലേക്ക് താമസം മാറുന്നുവെന്ന് മാത്രം എന്നായിരുന്നു ആരോപണങ്ങള്‍ക്ക് കെജ്‌രിവാള്‍ ആദ്യം നല്‍കിയ മറുപടി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ വീട് പരിശോധിക്കാമെന്നും രാത്രി വൈകിയും ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഓഫീസും വീടും ഒരിടത്താക്കുന്നതെന്നും കെജ് രിവാള്‍ അറിയിച്ചിരുന്നു.

നിലവില്‍ കുടുംബത്തോടൊപ്പം ഗാസിയാബാദിലെ കൗശംബിയിലാണ് കെ്ജ്‌രിവാള്‍ താമസിക്കുന്നത്.

Tagged with: |