മുംബൈ: താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്നെ വഞ്ചകനെന്ന് വിശേഷിപ്പിച്ച പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ ആരോപണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍.

ഇതിനകം വിവാദമായ ‘കോണ്‍ട്രവേര്‍ഷ്യലി യുവേര്‍സ്’ എന്ന് തന്റെ ആത്മകഥയിലാണ് ഷാരൂഖും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയും തന്നെ വഞ്ചിച്ചു എന്ന് ഇക്തര്‍ വെളിപ്പെടുത്തിയത്. വിവാദ ക്രിക്കറ്റ് ലീഗായ ഐ.സി.എല്‍ ഓഫര്‍ ചെയ്തതിനെക്കാളും കുറഞ്ഞ തുകക്ക് താന്‍ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കാന്‍ തയ്യാറായതാണെന്നും എന്നാല്‍ ഇരുവരും തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നുമെന്നാണ് ആത്മകഥയിലെ അക്തറിന്റെ പരാമര്‍ശം. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സൂപ്പര്‍ താരം ഇങ്ങിനെ പ്രതികരിച്ചത്.

ഇരുവര്‍ക്കും പുറമെ നിരവധി പ്രമുഖര്‍ക്കെതിരെ അക്തര്‍ ആത്മകഥയില്‍ വിവാദ പരാമര്‍ശമുയര്‍ത്തുന്നുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ണ്ടുല്‍ക്കറിനും വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിനും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവില്ലെന്ന അക്തറിന്റെ വിമര്‍ശനം വലിയ വിവാദമായിരുന്നു. അക്തറിന്റെ പരാമര്‍ശത്തിനെതിരെ മുന്‍ പാക്ക് നായകന്‍ വസീം അക്രമടക്കം നിരവധി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ക്രിക്കറ്റ് താരമെന്ന നിലയില്‍ ഷുഐബ് അക്തര്‍ പ്രശ്‌നക്കാരനാണെന്നും ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും അങ്ങനെ തുടരുകയാണെന്നും സച്ചിനെപോലെയുളള താരത്തെ ഭീഷണിപ്പെടുത്താനാകില്ലെന്നുമായിരുന്നു അക്രമിന്റ പ്രതികരണം. എന്തായാലും സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്റ പ്രസ്താവനകള്‍ മയപ്പെടുത്തി അക്തര്‍ തന്നെ രംഗത്തെത്തിയിരുന്നു.