മുംബൈ: അന്തരിച്ച ഛായാഗ്രാഹകന്‍ അശോക് മെഹ്തയെ ബോളിവുഡ് നടി മനീഷ കൊയ്‌രാള കാണുന്നത് തന്റെ ഉപദേശകനും മാര്‍ഗദര്‍ശിയുമൊക്കെയായാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് തനിക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും മനീഷ പറയുന്നു.

Ads By Google

തനിക്ക് എന്തൊക്കെയാവാന്‍ കഴിഞ്ഞിട്ടുണ്ടോ അതെല്ലാം അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പിന്തുടര്‍ന്ന് കാരണമാണ്. കരിയറിലെ ശരിയെന്ന തെളിയിക്കപ്പെട്ട തീരുമാനങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹമുണ്ടായിരുന്നെന്നും നടി വ്യക്തമാക്കി.

‘ എന്റെ ആദ്യ ചിത്രം സൗദാഗറിന്റെ ഛായാഗ്രാഹകന്‍ അദ്ദേഹമായിരുന്നു. അന്ന് മുതല്‍ അദ്ദേഹം എന്റെ ഉപദേശകനും വഴികാട്ടിയും ഫിലോസറുമൊക്കെയായിരുന്നു. എന്റെ കരിയറില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്’ മനീഷ പറഞ്ഞു.

സിനിമാ ഇന്റസ്ട്രിയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ബോംബെയുടെ സ്‌ക്രീന്‍ ടെസ്റ്റിനായി മണിരത്‌നം എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ അത് നിരസിച്ചു. റോജ എന്ന ചിത്രം ചെയ്തുവെന്നതൊഴിച്ചാല്‍ മണിരത്‌നത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. അഷോക്ജിയുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ബോംബെ ചെയ്യില്ലായിരുന്നു.

ഇരട്ടക്കുട്ടികളുടെ അമ്മയായി എന്തിനാ വേഷമിടുന്നത്? ചെറിയൊരു പണത്തിന് വേണ്ടി ഞാനെന്തിനാ അങ്ങനെ ചെയ്യുന്നത്? തുടങ്ങിയ ചിന്തകളായിരുന്നു എന്റെ മനസില്‍. ഈ ചിത്രം ഏറ്റെടുക്കേണ്ടെന്ന് ഒരുപാടാളുകള്‍ എന്നോട് പറഞ്ഞു. ഇതറിഞ്ഞ് അശോക്ജി എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. മണി രത്‌നത്തിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹമാണെനിക്ക് പറഞ്ഞ് തന്നത്. എന്നെ ചെന്നൈയിലേക്കയച്ചതും അദ്ദേഹമാണ്. ‘ മനീഷ പറഞ്ഞു.

മെഹ്ത ആദ്യ സംവിധായക സംരഭം മോക്ഷയില്‍ മനീഷയായിരുന്നു നായികാ കഥാപാത്രം ചെയ്തത്.