വാഷിംഗ്ടണ്‍:  തനിക്ക് ഇനിയും തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ. മൂന്ന് വര്‍ഷത്തെ തന്റെ ഭരണകാലയളവില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക നിലമെച്ചപ്പെടുത്തുക മാത്രമല്ല യു.എസിന്റെ നില ഭദ്രമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഒബാമ അവകാശപ്പെട്ടു.

ഭരണത്തിനുനേരെ ഉയരുന്ന ആരോപണങ്ങളെ ശക്തമായാണ് ഒബാമ പ്രതിരോധിച്ചത്. ‘കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഈ രാഷ്ട്രത്തെ രക്ഷിച്ചു. മോട്ടോര്‍ വാഹനവ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ആരോഗ്യ സംരക്ഷണ ചിലവ് കുറയ്ക്കുന്ന പദ്ധതി കൊണ്ടുവന്നു. ഇനി നിങ്ങള്‍ രോഗിയായതുകൊണ്ടോ, നിങ്ങളുടെ കുടുംബാംഗത്തിന്  രോഗം വന്നതുകൊണ്ടോ ഒരിക്കലും നിങ്ങള്‍ക്ക് പാപ്പരാകേണ്ടിവരില്ല. ഒബാമ പറഞ്ഞു.

സാമ്പത്തിക മേഖലയെ നമ്മള്‍ പരിഷ്‌കരിച്ചു. ഇനി നികുതി ദായകരുടെ പണം ഉപയോഗിച്ച് കരകയറേണ്ട സ്ഥിതി ഉണ്ടാവില്ല. അല്‍-ഖ്വയ്്ദയെ തകര്‍ക്കുകയും ബിന്‍ ലാദനെ ഇല്ലാതാക്കുകയും ചെയ്തു.’ സി.ബി.എസുമായുള്ള അഭിമുഖത്തില്‍ ഒബാമ തന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ചു.

സാമ്പത്തിക മേഖലയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് ചെയ്യാനുള്ള ശ്രമങ്ങളിലാണിപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നൂറ്റാണ്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുശേഷം അമേരിക്ക മറ്റൊരു വലിയ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന പ്രചാരണങ്ങളെ ഒബാമ ശക്തമായി പ്രതിരോധിച്ചു. അമേരിക്കന്‍ സമൂഹത്തിന് ഗുണകരമായ നിലയില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എന്റെ കടമ. ഇത് കഴിഞ്ഞ കാലം എന്റെ പാര്‍ട്ടി സ്വീകരിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് എന്റെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തുക എന്നതും എന്റെ ഉത്തരവാദിത്തമാണ്.’

‘വിദ്യാഭ്യാസ മേഖലയിലും ജനങ്ങള്‍ക്ക് സഹായകരമായ ഏറെ കാര്യങ്ങള്‍ ചെയ്തു. തൊഴിലില്ലായ്മ ഉയരുകയും വരുമാനം സ്ഥിരമായി നില്‍ക്കുകയും ബില്ലുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ തൃപ്തരല്ലാതാവും.’

‘ ഒബാമ എന്ത് കാര്യം പറഞ്ഞാലും അത് എതിര്‍ക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്്ട്രീയ അജണ്ഡ. തങ്ങള്‍ക്ക് ഇലക്ഷന്‍ ജയിക്കാന്‍ ഇതാണ് ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിച്ചതിനാല്‍ റിപ്പബ്ലിക്കന്‍സിനെ എനിക്ക് സ്വാധീനിക്കാനാവില്ല. പക്ഷെ ഒരു കാര്യം ഓര്‍ക്കണം, ഞാന്‍ പറഞ്ഞത് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളെക്കുറിച്ചാണ്. അല്ലാതെ രാജ്യത്ത് മുഴുവനുമുള്ള റിപ്പബ്ലിക്കന്‍സിനെക്കുറിച്ചല്ല.’ ഒബാമ വിശദീകരിക്കുന്നു.

ഉത്തേജക പാക്കേജ് കൊണ്ടുവന്നിട്ടും സാമ്പത്തിക മേഖലയ്ക്ക് ഗുണമില്ലെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഒബാമ പറഞ്ഞത് ഉത്തേജക പാക്കേജ് കാര്യക്ഷമമല്ലെന്നുള്ളത് പൊതു അഭിപ്രായമല്ലെന്നാണ്.

‘ ഉത്തേജക പാക്കേജ് നടപ്പാക്കിയതുവഴി മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനായെന്നും, രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നുമാണ് മുന്‍ സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ മെക് കെയ്ന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പാക്കേജ് കാര്യക്ഷമമാണ്. അതുകൊണ്ടുതന്നെ ഈ ആരോപണങ്ങള്‍ ശരിയല്ല.’

രാജ്യം നേടിരുന്ന ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം പരിശോധിക്കുകയാണെങ്കില്‍ ജനങ്ങള്‍ സാധ്യമാണെന്ന് കരുതുന്നതിന്റെ ഇരട്ടിയിലധികം പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി.

Malayalam news

Kerala news in English