സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ് നയന്‍സ് പ്രഭുദേവ പ്രണയം. എതിര്‍പ്പുകളും തടസ്സങ്ങളും മറികടന്ന് വിവാഹത്തിനടുത്തുവരെ എത്തിയ ഈ ബന്ധം പൊട്ടിയതും മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

പ്രണയബന്ധം തകര്‍ന്നശേഷം ഇപ്പോള്‍ മറ്റൊരു പ്രണയത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് നയന്‍താര പറഞ്ഞത്. എന്നാല്‍ പ്രഭുവിന് പറയാനുള്ളത് മറ്റൊന്നാണ്. തന്റെ ജീവിതത്തില്‍ പ്രണയം ഇനി എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാമെന്നാണ് പ്രഭു പറഞ്ഞത്.

ഇനിയൊരു പ്രണയമുണ്ടാവുമോയെന്ന ചോദ്യത്തിന് പ്രഭുവിന്റെ മറുപടിയിങ്ങനെയായിരുന്നു- ‘ അത് ഇനി മുതല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജീവിതം പ്രവചനാതീതമാണ്. ഞാനെപ്പോള്‍ വേണമെങ്കിലും പ്രണയത്തിലാവാം’ അദ്ദേഹം പറഞ്ഞു.

താന്‍ ഈ സമയത്ത് സിനിമയെ മാത്രമാണ് പ്രണയിക്കുന്നതെന്നും പ്രഭു വ്യക്തമാക്കി. ഇപ്പോള്‍ അഭിനയത്തെക്കാള്‍ കൂടുതല്‍ പ്രഭു ശ്രദ്ധിക്കുന്നത് സംവിധാനത്തിലാണ്. അഭിനയവും സംവിധാനവും ഒരേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും പ്രഭു പറഞ്ഞു.

‘ എന്റെ സ്വന്തം ചിത്രത്തിനുവേണ്ടി കൊറിയോഗ്രാഫി ചെയ്യാന്‍പോലും എനിക്ക് ഇഷ്ടമല്ല. നൃത്തരംഗങ്ങള്‍ മനോഹരമാക്കാന്‍ കഴിയുന്ന ഒരുപാടാളുകള്‍ വേറെയുണ്ട്. ഒരു സംവിധായകനായി നൃത്തരംഗത്ത് കൂടി കൈവെക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഒരു കൊറിയോഗ്രാഫറുടെ ബിസിനസില്‍ ഞാന്‍ ഒരിക്കലും കൈകടത്തില്ല.’ അദ്ദേഹം വ്യക്തമാക്കി.

വാണ്ടഡ്, ദബാംഗ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പ്രഭു ഇപ്പോള്‍.

Malayalam News